ബാലുശേരി : കിനാലൂരിൽ എയിംസ് അനുവദിക്കുന്നതിനാവശ്യമായ നടപടികൾ അടുത്ത കേന്ദ്രസർക്കാർ ബജറ്റിലെങ്കിലും ഉൾപ്പെടുത്തണമെന്നാവശ്യം ശക്തമാകുന്നു. ബാലുശ്ശേരിയിൽ അനുവദിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന എയിംസ് പലപ്പോഴും കയ്യെത്തുംദൂരത്ത് എത്തുമ്പോഴേക്കും നഷ്ടമാകുന്ന സ്ഥിതിയാണ്. കഴിഞ്ഞ കേന്ദ്ര ബജറ്റുകളെയെല്ലാം പ്രതീക്ഷയോടെയാണ് ജനപ്രതിനിധികളും പൊതുജനങ്ങളും നോക്കിക്കണ്ടിരുന്നത്. ഏറ്റവുമൊടുവിൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന (പി.എം.എസ്.എസ്.)ക്ക് കീഴിൽ രാജ്യത്ത് 27 പുതിയഎയിംസുകൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ അവഗണിക്കുകയായിരുന്നു. എയിംസിനായി ബാലുശ്ശേരി കിനാലൂരിൽ സംസ്ഥാനസർക്കാർ സ്ഥലവും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 63.34 ഹെക്ടർ ഭൂമി കെ.എസ്.ഐ.ഡി.സി.യിൽ നിന്ന് ഏറ്റെടുത്ത് മെഡിക്കൽ വിദ്യാഭ്യസവകുപ്പിന് കൈമാറി ഉത്തരവായിട്ടുണ്ട്. കൂടാതെ 40 ഹെക്ടർ ഭൂമി സ്വകാര്യവ്യക്തികളിൽനിന്ന് ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളും പൂർത്തിയായി. കേരളത്തിന്റെ ദീർഘകാലമായ ആവശ്യമാണ് ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ് (എയിംസ്). കേരളത്തിന് എയിംസ് അനുവദിക്കുകയാണെങ്കിൽ സ്ഥാപിക്കുക കിനാലൂരിലാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനോടകം പ്രഖ്യാപിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ അടുത്ത കേന്ദ്രബജറ്റിലെങ്കിലും എയിംസ് അനുവദിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ബാലുശ്ശേരിക്കാരും.
0 Comments