Ticker

6/recent/ticker-posts

മൂന്ന് കോടി പിരിച്ച് നൽകിയ ചാരിറ്റി പ്രവർത്തകന് ഇന്നോവ കാർ സമ്മാനം; വിവാദമായതോടെ കാർ തിരിച്ചുനൽകി തടിയൂരി

കോഴിക്കോട്: രോഗ ബാധിതനായ കുട്ടിയുടെ ചികിത്സക്കായി മൂന്ന് കോടിയിലധികം രൂപ പിരിച്ചുനൽകിയ സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തകന് സമ്മാനമായി ഇന്നോവ ക്രിസ്റ്റ കാർ.  ജീവകാരുണ്യപ്രവർത്തകൻ ഷമീർ കുന്നമംഗലത്തിനാണ് രോഗിയുടെ കുടുംബം സമ്മാനമായി കാർ നൽകിയത്. സംഭവം വിവാദമായതോടെ കാർ തിരിച്ചു നൽകി.



ഫെബ്രുവരി 27ന് കൊണ്ടോട്ടി മുണ്ടക്കുളം മലബാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഷാമിൽ മോൻ ചികിത്സ സഹായ സമിതിയുടെ കണക്ക് അവതരണ ചടങ്ങിലാണ് കുടുംബം കാറിന്റെ താക്കോൽ കൈമാറിയത്. ഷമീർ കുന്നമംഗലത്തിന്റെ യാത്രയയപ്പും വേദിയിൽ വെച്ച് നടന്നു. കൊണ്ടോട്ടി എം.എൽ.എ ടി.വി. ഇബ്രാഹിം ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.


അതേസമയം, രോഗിയുടെ കുടുംബത്തിൽ നിന്നു കാർ സമ്മാനമായി സ്വീകരിച്ച ഷമീർ കുന്നമംഗലത്തിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. ഇന്നോവ ക്രിസ്റ്റ പോലുള്ളൊരു കാർ സമ്മാനമായി നൽകാൻ കഴിവുള്ള കുടുംബത്തിന് വേണ്ടിയാണോ പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ചത് എന്നാണ് വിമർശകരുടെ ചോദ്യം.

വലിയ തുക ചികിത്സയ്ക്ക് ആവശ്യമുള്ള കുടുംബത്തിൽ നിന്ന് കാർ സമ്മാനമായി സ്വീകരിച്ചതും വിമർശനത്തിന് കാരണമായിട്ടുണ്ട്. സംഭവം വിവാദമായതോടെ കാർ തിരിച്ചു നൽകി ഷമീർ കുന്നമംഗലം തടിയൂരുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് തറാവീഹ് നിസ്‌കാരത്തിന് ശേഷം കൊണ്ടോട്ടി മുതുപറമ്പ് ബദർ മസ്ജിദിന് മുൻവശത്ത് വെച്ചാണ് കാറിന്റെ താക്കോൽ രോഗിയുടെ കുടുംബത്തിന് തിരികെ നൽകിയത്.


Post a Comment

0 Comments