താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണം സൃഷ്ടിക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തര പരാതികളെ തുടർന്ന് താമരശ്ശേരിയിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവർത്തനം അടച്ചുപൂട്ടാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കാൻ ബോർഡ് ചെയർപേഴ്സൺ 2026 ആഗസ്റ്റ് 5-ന് പുറത്തിറക്കിയ ക്ലോഷർ ഓർഡറിൽ നിർദേശിച്ചിട്ടുണ്ട്.
താമരശ്ശേരി കരിമ്പാലക്കുന്ന് അമ്പായത്തോട്ടിൽ സിൽവർ സാൻഡ് ക്രഷറിന് സമീപം പ്രവർത്തിക്കുന്ന പൗൾട്രി റെൻഡറിങ് പ്ലാന്റിനെതിരെയാണ് നടപടി. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറവുശാലാ മാലിന്യങ്ങളും കോഴി മാലിന്യങ്ങളും സംസ്കരിക്കുന്നതിനായാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
പ്ലാന്റിൽ നിന്ന് സമീപത്തെ ജനവാസ മേഖലയിലേക്ക് വലിയ തോതിൽ മാലിന്യം ഒഴുകിയെത്തുന്നതായും അതുമൂലം ദുർഗന്ധം, ആരോഗ്യപ്രശ്നങ്ങൾ, പരിസ്ഥിതി മലിനീകരണം എന്നിവ രൂക്ഷമായതായും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ പൊതുജനങ്ങളിൽ നിന്ന് മലിനീകരണ നിയന്ത്രണ ബോർഡിന് പരാതികൾ ലഭിച്ചിരുന്നു.
മുൻപ് നടത്തിയ പരിശോധനകളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം സ്ഥാപനത്തിന് പിഴ ചുമത്തിയിരുന്നു. എന്നാൽ തുടർന്ന് ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കാതെ മലിനീകരണം തുടരുകയായിരുന്നുവെന്ന് ബോർഡ് വിലയിരുത്തി. ജനങ്ങളുടെ പരാതികൾക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ കർശന നടപടിയിലേക്ക് കടന്നതെന്ന് അധികൃതർ അറിയിച്ചു.
1974-ലെ ജല മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷൻ 33A, 1981-ലെ വായു മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷൻ 31A എന്നിവ പ്രകാരം ബോർഡിന് ലഭിച്ച പ്രത്യേക അധികാരങ്ങൾ വിനിയോഗിച്ചാണ് സ്ഥാപനം പൂർണമായും അടച്ചുപൂട്ടാൻ ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം, 20 ടൺ ശേഷിയുള്ള പ്ലാന്റിൽ അനുവദനീയമായതിലും പലമടങ്ങ് മാലിന്യം സംസ്കരിക്കുന്നുവെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു. ദിവസേന ഏകദേശം 200 ടണ്ണോളം അറവുശാലാ, കോഴി മാലിന്യങ്ങൾ പ്ലാന്റിലെത്തുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. ഈ വിഷയത്തിലും ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

0 Comments