കോഴിക്കോട്: ഖത്തറിലെ വ്യാവസായിക മേഖലയായ റാസ് ലഫാനിലെ ബാർസാൻ ഗ്യാസ് വിതരണ പ്ലാന്റിൽ ഞായർ രാത്രിയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും. നാദാപുരം പുറമേരി സ്വദേശി അർജുൻ കളരിയുള്ളതിൽ (30) ആണ് മരിച്ചത്. അപകടത്തിൽ മരിച്ച 12 ഇന്ത്യക്കാരിൽ മറ്റുള്ളവർ തമിഴ്നാട്, ഗുജറാത്ത്, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് സ്വദേശികളാണ്.
സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് ഔദ്യോഗിക വിവരം. സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. 66 പേർക്ക് പരിക്കേറ്റു. യുഎസ്- ഇറാൻ ആക്രമണത്തിനിടെ കഴിഞ്ഞ മാർച്ച് രണ്ടിന് റാസ് ലഫാൻ പ്ലാന്റിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ആക്രമണങ്ങളിൽ വൻ നാശനഷ്ടം നേരിട്ടതിനെത്തുടർന്ന് ഖത്തർ താൽക്കാലികമായി ഗ്യാസ് ഉൽപാദനം നിർത്തിവെച്ചിരിക്കുകയാണ്. ദോഹയിൽനിന്ന് 80 കിലോമീറ്റർ അകലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ആഭ്യന്തര ഗ്യാസ് വിതരണകേന്ദ്രമാണ് ബാർസാൻ പ്ലാന്റ്. ഞായർ രാത്രിയോടെയാണ് തീപിടിത്തവും തുടർന്ന് വൻ സ്ഫോടനവും ഉണ്ടായത്. അപകടകരമായ വാതകച്ചോർച്ചയോ പരിസ്ഥിതി മലിനീകരണ ഭീഷണിയോ ഇല്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സ്ഫോടനത്തിന്റെ തീവ്രതയിൽ ആകാശത്തേക്ക് ഉയർന്ന തീജ്വാലകളും പുകപടലങ്ങളും 20 കിലോമീറ്റർ അകലെ വരെ ദൃശ്യമായിരുന്നു.

0 Comments