സുൽത്താൻ ബത്തേരി: വേനൽമഴയിൽ കാട് പച്ചപ്പണിഞ്ഞതോടെ കാടും വന്യജീവികളെയും കാണുന്നതിനായി വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയിൽ ഏപ്രിൽ മാസത്തിൽ 10,000 പേരാണ് കാട് കണ്ട് മടങ്ങിയത്. വനംവകുപ്പിന് 18 ലക്ഷം രൂപയുടെ വരുമാനമാണ് ഈ ഇനത്തിൽ ലഭിച്ചത്. വനത്തിലൂടെയും ദേശീയപാതയിലൂടെയും 14 കിലോമീറ്റർ ദൂരത്തിലാണ് കാനന യാത്ര മുത്തങ്ങയിൽ നടത്തുന്നത്. വേനമഴയിൽ കാട് പച്ചപ്പണിയുകയും മധ്യവേനലവധിയും ആഘോഷദിനങ്ങളും ഒന്നിനുപുറകെ ഒന്നായി എത്തുകയും ചെയ്തതോടെ വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഇതിൽ കൂടുതൽപേരും വയനാടിന്റെ കനാനനഭംഗി ആസ്വദിക്കാനായാണ് എത്തുന്നത്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയിലെത്തി കാടും കാട്ടുമൃഗങ്ങളെയും കണ്ട് സഞ്ചാരികൾ സന്തോഷത്തോടെയാണ് മടങ്ങുന്നത്.
ഏപ്രിൽ മാസത്തിൽ ഇതുവരെ 10,000 ആളുകൾ മുത്തങ്ങ സന്ദർശിച്ചു. അവധിക്കാലം ആയതിനാൽ നല്ലതിരക്കാണ് അനുഭവപ്പെടുന്നത്. സഞ്ചാരികൾ കൂടുതലായി എത്തിയത് ഏപ്രിൽ 10ന് ശേഷമാണ്. ഇതിൽ 66 വിദേശികളും ഉൾപ്പെടും. രാവിലെ ആറു മുതൽ പത്ത് വരെയും, വൈകിട്ട് മൂന്ന് മുതൽ ആറ് വരെയുമാണ് പ്രവേശനം. രാവിലെ എട്ട് വീതം ബസും ജീപ്പും വൈകിട്ട് ആറ് ബസും എട്ട് ജീപ്പുമാണ് സഞ്ചാരികളുമായി കാട് ചുറ്റുക. സഞ്ചാരികൾക്കായി രാവിലെയും വൈകിട്ടും ഒരുമണിക്കൂർ കൂടുതൽ സമയവും വനംവകുപ്പ് അനുവദിച്ചിട്ടുണ്ട്. കാടിനകത്ത് എട്ട് കിലോമീറ്ററും ദേശീയപാതയിലൂടെ ആറ് കിലോമീറ്ററുമടക്കം 14 കിലോമീറ്ററാണ് കാനന യാത്ര.
0 Comments