ബാലുശ്ശേരി : ആവേശക്കൊടിമുടിയിലേറി ബാലുശ്ശേരിയില്‍ മൂന്നുമുന്നണികളുടെയും കൊട്ടിക്കലാശം. കാണാനായി ആയിരങ്ങളാണ് ബാലുശ്ശേരി ടൗണിലേക്ക് ഒഴുകിയെത്തിയത്. അണികള്‍ക്ക് ആവേശമേകാന്‍ സ്ഥാനാര്‍ഥികളായ കെ.എം.സച്ചിന്‍ദേവ്, വി.ടി സൂരജ്, സി.പി സതീഷ് എന്നിവരും കൊട്ടിക്കലാശത്തിനെത്തിയിരുന്നു. വലിയ കൂട്ടമായി നിന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കടന്നുവന്ന സൂരജിനെ തോളിലേറ്റിയ പ്രവര്‍ത്തകര്‍ പിന്നീട് അദ്ദേഹത്തെ വലിയ ലോറിക്ക് മുകളില്‍ കയറ്റി നിര്‍ത്തി. കൊടിവീശിയും കൈകള്‍ വീശിയും സൂരജ് പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചു. പാട്ടിനൊത്ത് സ്റ്റെപ്പിട്ട് ഡാന്‍സ് കളിച്ച സൂരജ് പ്രവര്‍ത്തകരെ കയ്യിലെടുക്കുകയും ചെയ്തു. സച്ചിന്‍ദേവ് പ്രചരണവാഹനത്തില്‍ കയറി നിന്ന് എല്‍ഡിഎഫ് അണികള്‍ക്ക് ആവേശം പകര്‍ന്നു. ബിജെപി സ്ഥാനാര്‍ഥി ജെസിബിക്ക് മുകളിലായിരുന്നു കയറി നിന്നത്. അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ 6 മണിയോടെ കൊട്ടിക്കലാശം സമാപിച്ചു. പൊലിസും മിലിട്ടറി ഫോഴ്‌സും, തെരഞ്ഞെടുപ്പ് നിരീക്ഷകരും ഇവിടെയെത്തിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനാവലിയും കൊട്ടിക്കലാശം സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.



0 Comments