തിരുവനന്തപുരം:സംസ്ഥാനത്ത് കോഴിമുട്ടയുടെ വില കുതിച്ചുയരുന്നത് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ തിരിച്ചടിയാകുന്നു. ആറര രൂപയായിരുന്ന മുട്ടയുടെ ചില്ലറ വില ഒരാഴ്ചയ്ക്കിടെ എട്ട് മുതൽ പത്ത് രൂപ വരെയായി ഉയർന്നു. നവംബർ ആദ്യവാരം മുതൽ തുടങ്ങിയ വിലവർധന തുടരുകയാണ്. നവംബർ ആദ്യം 6.10 രൂപയായിരുന്ന മുട്ടയുടെ മൊത്തവില ദിവസേന പത്ത് പൈസ വീതം വർധിച്ച് ഒൻപത് ദിവസത്തിനിടെ 60 പൈസയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ തട്ടുകടകൾ, ബേക്കറികൾ, ഹോട്ടലുകൾ എന്നിവയ്ക്കൊപ്പം ഓംലറ്റ് പ്രേമികൾക്കും ഡയറ്റ്, ബോഡി ബിൽഡിങ് മേഖലയിൽ ശ്രദ്ധിക്കുന്നവർക്കും വിലവർധന തിരിച്ചടിയായി.
കോഴിത്തീറ്റയുടെ വിലയിലുണ്ടായ വർധനയാണ് മുട്ടവില ഉയരാൻ പ്രധാന കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ 1,800 മുതൽ 2,000 രൂപ വരെ വിലയുണ്ടായിരുന്ന കോഴിത്തീറ്റയ്ക്ക് നിലവിൽ 2,760 രൂപയാണ് വിപണിവില. കോഴിത്തീറ്റ നിർമാണത്തിന് ആവശ്യമായ ചോളത്തിന്റെ ലഭ്യത കുറഞ്ഞതാണ് വിലവർധനയ്ക്ക് ഇടയാക്കിയത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 5.65 രൂപയായിരുന്ന മുട്ടയുടെ വിലയിൽ ഇത്തവണ ഏകദേശം ഒരു രൂപയുടെ വർധനയുണ്ടായി. സാധാരണയായി ദീപാവലി മുതൽ ക്രിസ്മസ് വരെയുള്ള കാലയളവിൽ മുട്ടവില ഉയരാറുണ്ടെങ്കിലും ഇത്തവണ നേരത്തേ തന്നെ വില കുതിച്ചുയർന്നത് വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

0 Comments