കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ അടുത്ത വർഷത്തെ ഹജ്ജ് കർമ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലയിലെ ഹാജിമാർക്കുള്ള ഒന്നാം ഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് സമാപിച്ചു. കാരന്തൂർ മർകസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ബേപ്പൂർ, കോഴിക്കോട് നോർത്ത്, സൗത്ത്, എലത്തൂർ, കുന്നമംഗലം നിയോജക മണ്ഡലങ്ങളിലെ ഹാജിമാർക്കുള്ള പരിശീലന ക്ലാസിന്റെ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവ്വഹിച്ചു. കേന്ദ്ര ഹജ്ജ് കമ്മറ്റി മെമ്പർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു. ഹജ്ജ് കമ്മറ്റി അംഗങ്ങളായ പി ടി അക്ബർ , ഒ.വി ജാഫർ ഹജ്ജ് കമ്മറ്റി അസി. സെക്രട്ടറി ജാഫർ കക്കൂത്ത് , എൻ മുഹമ്മദലി മാസ്റ്റർ , അസ്സയിൻ പി കെ , മുഹമ്മദ് സലീം കാസർഗോഡ് ആശംസകൾ അറിയിച്ചു. ക്ലാസുകൾക്ക് സംസ്ഥാന ഹജ്ജ് ട്രൈനിംഗ് ഓർഗനൈസർ പി.കെ ബാപ്പു ഹാജി, സ്റ്റേറ്റ് ഹജ്ജ് ട്രൈനിംഗ് ഫാക്കൽറ്റി യു പി അബ്ദുൽ ഹമീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ 2025 വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരും ഒന്ന് മുതൽ മുവ്വായിരം വരെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവരുമായ ബേപ്പൂർ , കോഴിക്കോട് നോർത്ത് സൗത്ത് , എലത്തൂർ , കുന്നമംഗലം മണ്ഡലങ്ങളിൽ നിന്നായി ആയിരത്തോളം ഹാജിമാർ ക്ലാസിൽ പങ്കെടുത്തു. കോഴിക്കോട് ജില്ലാ ഹജ്ജ് ട്രൈനിംഗ് ഓർഗനൈസർ നൗഫൽ മങ്ങാട് സ്വാഗതവും പി വി ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.
0 Comments