കൂരാച്ചുണ്ട്: കക്കയം ഉൾപ്പടെയുള്ള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫെൻസിങ് സ്ഥാപിക്കുമെന്ന വനംവകുപ്പിന്റെ വാഗ്ദാനം നടപ്പിലാവാത്തതിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കക്കയം ഡാം സൈറ്റ് റോഡിൽ കൃഷിയിടത്തിൽ ജോലി ചെയ്ത് കൊണ്ടിരിക്കെ കർഷകനായ അബ്രഹാം പാലാട്ടിയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ആ മേഖലയിൽ യുദ്ധകാലാടിസ്ഥാനത്തിൽ സോളാർ സൗരവേലി സ്ഥാപിക്കുമെന്ന് വനം വകുപ്പ് ഉറപ്പ് പറഞ്ഞതാണെങ്കിലും പത്ത് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലാത്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി കോൺഗ്രസ് കക്കയം ബൂത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ കക്കയം ഡാം സൈറ്റ് റോഡിൽ കാട്ടുപോത്ത് സ്ഥിരമായി ഇറങ്ങുന്ന മേഖലയിലും, അബ്രഹാം പാലാട്ടിയിലിന്റെ മരണം നടന്ന മേഖലയിലും സാരി വേലി കെട്ടി പ്രതിഷേധിച്ചത്. കക്കയം അങ്ങാടിയിൽ പ്രകടനവും നടത്തിയിരുന്നു.
നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോൺസൺ കക്കയം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ബേബി തേക്കാനത്ത് അധ്യക്ഷനായി കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തംഗം ഡാർളി പുല്ലംകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം ജെറിൻ കുര്യാക്കോസ്, ആൻഡ്രൂസ് കട്ടിക്കാന, സന്ദീപ് കളപ്പുരയ്ക്കൽ, ജോസ്ബിൻ കുര്യാക്കോസ്, ജാക്സ് കരിമ്പനക്കുഴി എന്നിവർ സംസാരിച്ചു. ചാക്കോ വല്ലയിൽ,
അജ്മൽ ചാലിടം, സാബു പള്ളത്ത്, ജ്യോതിഷ് രാരപ്പൻകണ്ടി, ബിബിൻ മലേപറമ്പിൽ, നിപിൻ ഐകുളമ്പിൽ, പി.സി ജിന്റോ എന്നിവർ നേതൃത്വം നൽകി. ഫെൻസിങ് നിർമാണം ആരംഭിക്കുന്നത് വരെ തുടർ സമരങ്ങൾ ഉണ്ടാകുമെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു.
0 Comments