തേഞ്ഞിപ്പലം: സംസ്ഥാനത്ത് ഓപ്പൺ സർവകലാശാല നിലവിൽവന്നതോടുകൂടി വിദൂര വിദ്യാഭ്യാസ വിഭാഗം വഴിയുള്ള കോഴ്‌സുകൾ നിർത്തലാക്കിയതിനുശേഷം കൂടുതൽ പഠിതാക്കൾ ഉള്ള കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഓൺലൈൻ കോഴ്‌സുകളിലേക്ക് മാറുന്നു. യു.ജി.സിയിൽ നിന്നുള്ള അനുമതിക്ക് വിധേയമായി അടുത്ത ജൂലൈ മുതൽ വ്യത്യസ്ത ഘട്ടങ്ങളിലായി ഓൺലൈൻ കോഴ്‌സുകൾ തുടങ്ങുമെന്ന് വിദൂര വിദ്യാഭ്യാസ വിഭാഗം ഡയരക്ടർ പ്രൊഫ. സി.ഡി രവികുമാർ പറഞ്ഞു.
ബി.കോം, ബി.ബി.എ, സോഷ്യോളജി, എക്കണോമിക്‌സ്, ഹിസ്റ്ററി, അറബിക്, ഇംഗ്ലിഷ്, മലയാളം തുടങ്ങിയ വിഷയങ്ങളിൽ യു.ജി കോഴ്‌സും അറബിക്, ഇംഗ്ലിഷ്, ഹിസ്റ്ററി, സോഷ്യോളജി, കൊമേഴ്‌സ് തുടങ്ങിയ വിഷയങ്ങളിൽ പി.ജി കോഴ്‌സും ആണ് ആദ്യഘട്ടം എന്ന നിലയിൽ ഓൺലൈൻ വഴി കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ വഴി (സി.ഡി.ഒ.ഇ ) തുടങ്ങുക.
നാഷനൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ ഗ്രേഡിങ്ങിൽ മിനിമം 3.01 ഗ്രേഡുള്ള സർവകലാശാലകൾക്ക് ഓൺലൈൻ കോഴ്‌സിന് അപേക്ഷിക്കാനുള്ള യോഗ്യത യു.ജി.സി അനുവദിച്ചു നൽകിയിട്ടുണ്ട്. 3.26 ഓ അതിനു മുകളിലോ ഗ്രേഡുള്ള സർവകലാശാലകൾക്ക് ഓൺലൈൻ കോഴ്‌സുകൾ യു.ജി.സിയുടെ മുൻകൂർ അനുമതിയില്ലാതെ തന്നെ തുടങ്ങാനുള്ള അനുമതി യു.ജി.സി നൽകിയത് കാലിക്കറ്റിന് തുണയാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാവർത്തികമാക്കാൻ ചോദ്യാവലി യു.ജി.സി തയാറാക്കിയിട്ടുണ്ട്. ഇതിൽ 39ാമത്തെ ചോദ്യം യൂനിവേഴ്‌സിറ്റികൾ ഓൺലൈനിൽ ഡിസ്റ്റൻസ് വഴിയുള്ള കോഴ്‌സുകൾ നടത്തുന്നുണ്ടോ എന്നതാണ്.
ഇത്തരത്തിൽ ഓരോ ചോദ്യത്തിനും ഓരോ മാർക്ക് ആണ് യു.ജി.സി നിശ്ചയിച്ചിട്ടുള്ളത്. ഇതെല്ലാം കാലിക്കറ്റ് സർവകലാശാലയ്ക്ക് ഈ കാര്യത്തിൽ തുണയാകും. ഡിസ്റ്റൻസ് വഴിയുള്ള കോഴ്‌സുകൾ നിർത്തലാക്കിയശേഷം 2024 അധ്യയന വർഷത്തിൽ മലബാറിലെ ആയിരങ്ങൾക്ക് പഠനാവസരമില്ലാതിരുന്ന കാലിക്കറ്റ് സർവകലാശാലയിൽ ഓൺലൈൻ കോഴ്‌സുകൾ തുടങ്ങുന്നത് ആശ്വാസമാവുകയാണ്.
പരീക്ഷാ നടത്തിപ്പിന് ഓൺലൈനിലും ഓഫ് ലൈനിലും അവസരം നൽകും. സർക്കാരിന്റെ പിടിവാശി കാരണമായിരുന്നു ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയുടെ മറവിൽ സംസ്ഥാനത്തെ സർവകലാശാലകൾക്കു കീഴിലെ വിദൂരവിദ്യാഭ്യാസ വിഭാഗം വഴിയുള്ള ഡിഗ്രി - പി.ജി കോഴ്‌സുകളിലേക്കുള്ള പ്രവേശനം നിർത്തലാക്കിയത്.
0 Comments