കോഴിക്കോട്: വിദ്യാർത്ഥികൾ അറിവ് സമ്പാദനത്തിൽ ഉത്സാഹിക്കണമെന്നും താല്പര്യപൂർവ്വം ലക്ഷ്യബോധത്തോടെ അധ്വാനിക്കണമെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തിയും ജാമിഅ മദീനതുന്നൂർ ചെയർമാനുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. അതിനാവശ്യമായ വിദ്യാർത്ഥി സൗഹൃദാന്തരീക്ഷം ഒരുക്കുന്നതിൽ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്തരം സാഹചര്യത്തിൽ മാത്രമേ രാഷ്ട്ര സേവകരായ ഭാവി തലമുറ രൂപപ്പെടുകയുള്ളൂ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടന്ന ജാമിഅ മദീനതുന്നൂർ അൽ ഫാതിഹയിൽ ക്ലാസ്സ് ആരംഭങ്ങൾക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ കോഴ്സുകളുടെയും കിതാബുകളുടെയും ആരംഭത്തിനും പുതിയ കാമ്പസുകളുടെ സോഫ്റ്റ് ലോഞ്ചിങ്ങിനും ഹോണോറിംഗ് എക്സലൻസിനും ജാമിഅ മദീനതുന്നൂർ ചാൻസിലറും ഇന്ത്യൻ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. ജാമിഅ മദീനതുന്നൂറിന്റ അറുപത്തൊന്ന് സ്റ്റേറ്റ്, ഇന്റർസ്റ്റേറ്റ്, ഫോറിൻ കാമ്പസുകളിലെ വിദ്യാർത്ഥികളും അധ്യാപകരും മാനേജ്മെന്റ് ഭാരവാഹികളും രക്ഷിതാക്കളും സംബന്ധിച്ചു. ജൂനിയർ, സീനിയർ സ്കൂളുടെ ഫൗണ്ടേഷൻ കോഴ്സ് ആരംഭവും ഫിനിഷിംഗ് വിദ്യാർത്ഥികളുടെ സ്വഹീഹുൽ ബുഖാരി തുടക്കവും നടന്നു. ഈജിപ്തിലെ സാഹതു ശൈഖ് അബൂബക്കറിൽ ആരംഭിക്കുന്ന മദീനതുന്നൂർ ഫോറിൻ കാമ്പസിന്റേയും പഞ്ചാബിലെ മർകസ് ഇമാം റബ്ബാനി, ഗുജറാത്ത് ചാഞ്ചവലെ ബുഖാരിയ കോളേജ്, മൈസൂരിലെ ഫത്ഹ് അക്കാദമി, ഊട്ടിയിലെ ത്വയ്ബ ഗാർഡൻ തുടങ്ങിയ ഇന്റർ സ്റ്റേറ്റ് കാമ്പസുകളുടെയും സോഫ്റ്റ് ലോഞ്ചിംഗ് നടന്നു. വിവിധ മുതവ്വൽ റാങ്ക് ഹോൾഡേഴ്സായ നൂറാനിമാരെയും വെന്നർ-ഗ്രെൻ ഡിസ്സെർട്ടേഷൻ ഫീൽഡ് വർക്ക് ഗ്രാന്റ് നേടിയ ആസഫ് അലവി നൂറാനിയെയും ജർമ്മനിയിലെ ഹംബോൾട്ട് യൂണിവേഴ്സിറ്റിയിലെ ബെർലിൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇസ്ലാമിക് തിയോളജിയിൽ റിസർച്ച് ഫെലോയായി തിരഞ്ഞെടുക്കപ്പെട്ട നൂറുദ്ദീൻ നൂറാനിയെയും എസ് എസ് എൽ സി ഫുൾ എ പ്ലസ് നേടിയ ജൂനിയർ സ്കൂൾ വിദ്യാർത്ഥികളെയും ഹയർസെക്കൻഡറി ഫുൾ എ പ്ലസ് നേടിയ സീനിയർ സ്കൂളിലെ വിദ്യാർത്ഥികളെയും വേദിയിൽ അനുമോദിച്ചു. സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം അധ്യക്ഷതയിൽ ജാമിഅ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി ഓറിയൻ്റേഷൻ ടോക്ക് നിർവഹിച്ചു. വൈകുന്നേരം മഗ്രിബിന് ശേഷം നടന്ന സീനിയർ സ്കൂൾ ബാച്ച്ലർ പ്രോഗ്രാമിലെയും ജൂനിയർ സ്കൂൾ ഇന്റർമീഡിയേറ്റ് പ്രോഗ്രാമിലെയും ഫത്ഹുൽ മുഈൻ ആരംഭം അൽബിദായക്ക് അബ്ദുല്ല അഹ്സനി ചെങ്ങാനി നേതൃത്വം നൽകി. ഹുസൈൻ ഫൈസി കൊടുവള്ളി, അലി അഹ്സനി എടക്കര, മുഹ്യുദ്ദീൻ സഖാഫി തളീക്കര, മുഹ്യുദ്ദീൻ സഖാഫി കാവനൂർ,ജലാൽ നൂറാനി സംബന്ധിച്ചു. നൗഫൽ നൂറാനി ജാമിഅ പ്രസൻ്റേഷൻ നടത്തി. മാനേജർ അബൂ സ്വാലിഹ് സഖാഫി ഓപ്പണിംഗ് നോട്ടും പ്രോ- റെക്ടർ ആസഫ് നൂറാനി ക്ലോസിംഗ് നോട്ടും അവതരിപ്പിച്ചു.
0 Comments