കോഴിക്കോട്: തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങിന് ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി റെയില്‍വേ. ഉടന്‍ തന്നെ ഇത് നടപ്പാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹ്യമാധ്യത്തിലൂടെ അറിയിച്ചു. തല്‍ക്കാല്‍ ടിക്കറ്റുകളുടെ ദുരൂപയോഗവും പൂഴ്ത്തിവയ്പ്പും തടയുക എന്നതാണ് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഓണ്‍ലൈന്‍ ബുക്കിങ് സമയത്ത് യാത്രക്കാരുടെ ആധാര്‍ അടക്കമുള്ള തിരിച്ചറിയല്‍ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പിച്ച ശേഷമായിരിക്കും ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് നല്‍കുക. കൗണ്ടര്‍ വഴിയുള്ള ടിക്കറ്റ് ബുക്കിങിനും ആധാര്‍ പരിശോധന നിര്‍ബന്ധവും കര്‍ശനവുമാക്കാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം.
തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ്ങിലെ തട്ടിപ്പുകള്‍ തടയുന്നതിനും യഥാര്‍ഥ യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് റെയില്‍വേ കര്‍ശന നടപടിക്കൊരുങ്ങുന്നത്. തല്‍കാല്‍ ടിക്കറ്റുകള്‍ അതിവേഗം വിറ്റുപോകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അനധികൃത ഏജന്റുമാരും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് ടിക്കറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതായും ഉയര്‍ന്ന വിലയ്ക്ക് മറിച്ചു വില്‍ക്കുന്നതായും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ആധാര്‍ അധിഷ്ഠിത ഓതന്റിക്കേഷന്‍ ഏര്‍പ്പെടുത്തുന്നത്. ഇതിലൂടെ യാത്രക്കാരുടെ തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ് കൂടുതല്‍ എളുപ്പമാകും.
അതേസമയം, തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങില്‍ വന്‍ തട്ടിപ്പ് ബോധ്യപ്പട്ടതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ 2.5 കോടി ഉപഭോക്തൃ ഐഡികള്‍ ഐ.ആര്‍.സി.ടി.സി നിര്‍ജീവമാക്കിയിരുന്നു. കൂടാതെ സംശയാസ്പദമായ 20 ലക്ഷം ഐഡികള്‍ പരിശോധിച്ചും വരികയാണ്. രാജ്യവ്യാപകമായി ബുക്കിങ് വിന്‍ഡോ തുറക്കുമ്പോള്‍ തല്‍ക്കാല്‍ ടിക്കറ്റുകള്‍ നിമിഷങ്ങള്‍ക്കകം തീര്‍ന്നുപോകുന്നത് സംബന്ധിച്ചാണ് ഐ.ആര്‍.സി.ടി.സി അന്വേഷണം നടത്തി, രാജ്യവ്യാപകമായി വന്‍ തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
0 Comments