Ticker

6/recent/ticker-posts

കോഴിക്കോട് ഡബിൾ ഡക്കർ ബസ് സർവീസ് വൈകുന്നു

കോഴിക്കോട്: നഗരത്തിൽ വിനോദസഞ്ചാര ലക്ഷ്യത്തോടെ കൊണ്ടുവന്ന ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് പത്തുദിവസം പിന്നിട്ടിട്ടും സർവീസ് ആരംഭിച്ചിട്ടില്ല. ബസ് എപ്പോൾ നിരത്തിലിറങ്ങും, ടിക്കറ്റ് നിരക്ക് എത്രയാകും, ഏത് റൂട്ടിലാകും ഓടുക തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തതയില്ല.

റോഡിന് കുറുകെ താഴ്ചയിൽ കിടക്കുന്ന വൈദ്യുതി ലൈനുകളും സ്വകാര്യ ഇന്റർനെറ്റ് കേബിളുകളും സർവീസ് ആരംഭിക്കാൻ തടസമാകുന്നതായി ട്രാൻസ്‌പോർട്ട് വകുപ്പ് വ്യക്തമാക്കി. പല ഇടങ്ങളിലും കേബിളുകൾ അഞ്ചുമീറ്ററിനും താഴെ ഉയരത്തിൽ ആയതിനാൽ ബസിന്റെ മുകളിലത്തെ തുറന്ന സീറ്റുകളിൽ യാത്ര ചെയ്യുന്നവർക്ക് അപകടസാധ്യതയുണ്ടെന്ന് അധികൃതർ ആശങ്കപ്പെടുന്നു. കുറഞ്ഞത് ഏഴ് മീറ്റർ ഉയരത്തിലേക്ക് കേബിളുകൾ മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾക്കും സ്വകാര്യ കമ്പനികൾക്കും കത്തയച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയില്ല.

ബസിന് വഴിയൊരുക്കാൻ വഴിയോരത്തെ മരച്ചില്ലകൾ വെട്ടിമാറ്റിയിട്ടുണ്ട്. കൂടാതെ ബസ് ചാർജിംഗിനായി ഹൈസ്പീഡ് ചാർജറും സ്ഥാപിച്ചു. മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി നാല് ട്രിപ്പുകൾ നടത്തുന്നതാണ് പരിഗണനയിൽ. എന്നാൽ ഗതാഗതക്കുരുക്ക് മൂലം സർവീസ് വൈകുമെന്ന ആശങ്ക നിലനിൽക്കുന്നു.

മുകളിൽ 36 സീറ്റും താഴെ 28 സീറ്റുമുള്ള ഡബിൾ ഡക്കർ ബസ് നഗരക്കാഴ്ചകൾ ആസ്വദിക്കാൻ വിനോദസഞ്ചാര സർവീസായി പ്രവർത്തിപ്പിക്കാനാണ് പദ്ധതി. നിലവിൽ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, മൂന്നാർ എന്നിവിടങ്ങളിൽ സമാന സർവീസുകൾ നടത്തിവരുന്നു.


Post a Comment

0 Comments