ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം എപ്പോൾ ഉണ്ടാകുമെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇന്നും വ്യക്തമായ മറുപടിയില്ല. ദിനംപ്രതി വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ടൗണിലെ ഗതാഗതക്കുരുക്കും രൂക്ഷമാവുകയാണ്. അറപ്പീടിക മുതൽ ബ്ലോക്ക് റോഡ് വരെയാണ് പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിര അനുഭവപ്പെടുന്നത്.
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത ടൗണിലൂടെ കടന്നുപോകുന്നതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് ഓരോ മണിക്കൂറിലും ഇതുവഴി സഞ്ചരിക്കുന്നത്. വയനാട്, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള വലിയ ചരക്കുവാഹനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കൂടാതെ കൂരാച്ചുണ്ട്, കക്കയം, കൂട്ടാലിട, നടുവണ്ണൂർ, നന്മണ്ട തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങളും വിവിധ റോഡുകൾ വഴി ടൗണിലെത്തുന്നതോടെ ഗതാഗതം പൂർണമായും സ്തംഭിക്കുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. പലസമയങ്ങളിലും ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപ്പാസ് നിർമാണം പലതവണ ചർച്ചയായിട്ടുണ്ടെങ്കിലും പദ്ധതി ഇനിയും യാഥാർഥ്യമായിട്ടില്ല. ഫണ്ട് അനുവദിച്ചുവെന്ന പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും സ്ഥലം ഏറ്റെടുക്കൽ നടപടികൾ പോലും പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ടൗണിലെ ഗതാഗതം നിയന്ത്രിക്കാൻ പോലീസും ഹോംഗാർഡുകളും ഏറെ ബുദ്ധിമുട്ടുകയാണ്. റോഡിന്റെ വീതിക്കുറവ്, ഓട്ടോറിക്ഷകളും സ്വകാര്യവാഹനങ്ങളും റോഡരികിൽ പാർക്ക് ചെയ്യുന്നത് എന്നിവയും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന ഘടകങ്ങളാണ്. ഓട്ടോ പാർക്കിങ്ങിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകുന്നതിലും അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
ബാലുശ്ശേരി ടൗണിലെ യാത്രാദുരിതത്തിന് ശാശ്വതപരിഹാരം വേണമെന്ന ആവശ്യം ശക്തമായി ഉയരാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. എന്നാൽ പ്രശ്നപരിഹാരത്തിനായുള്ള നടപടികൾ ഇനിയും വേഗത്തിലാകാത്തത് നാട്ടുകാരിൽ കടുത്ത പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
0 Comments