തലയാട് : ആറരപ്പതിറ്റാണ്ടുകൾക്കു മുൻപ് നിലവിലുണ്ടായിരുന്ന ഇരുപത്തി ഏഴാം മൈൽ -തലയാട് ബദൽ റോഡ് വീണ്ടും ചർച്ചയാകുന്നു. കക്കയം -തലയാട് മലയോര ഹൈവേയിൽ ആവർത്തിച്ച് മണ്ണിടിച്ചിലുണ്ടായി യാത്രാനിരോധനം തുടരുന്ന സാഹചര്യത്തിലാണ് പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പഴയ റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. കക്കയം ഡാമിൻ്റെയും ജലവൈദ്യുത പദ്ധതിയുടെയും ആരംഭകാലത്ത് തലയാടു നിന്ന് വാഹനങ്ങൾ സഞ്ചരിച്ചിരുന്ന റോഡാണിത്. പിന്നീട് നിലവിലെ കക്കയം -തലയാട് യാഥാർഥ്യമായതോടെ ഈ പാതയുടെ നവീകരണം മുടങ്ങുകയായിരുന്നു. ഇന്നും ഈ റോഡ് മൺപാതയായി കിടക്കുകയാണ്. തലയാട് നിന്ന് ആരംഭിക്കുന്ന 2.5 കിലോമീറ്റർ നീളമുള്ള റോഡിൻ്റെ 800 മീറ്റർ ഭാഗം സർക്കാർ - പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കോൺക്രീറ്റ് ചെയ്‌തിട്ടുണ്ട്. മേഖലയിലെ 20-ലധികം കുടുംബങ്ങൾ ഇപ്പോഴും ഈ വഴി ഉപയോഗിക്കുന്നുണ്ട്.
നിലവിലെ കക്കയം -തലയാട് മലയോര ഹൈവേയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഗതാഗതം ഇടക്കിടയ്ക്ക് നിരോധിക്കേണ്ട സാഹചര്യമാണ്. നിർമാണം പൂർത്തിയായിട്ടും മണ്ണിടിച്ചിൽ തുടരുന്നതാണ് നാട്ടുകാരുടെ ആശങ്ക. എട്ടുവർഷം മുൻപ് പൊതുമരാമത്ത് റോഡിൽ വൻ മണ്ണിടിച്ചിലുണ്ടായപ്പോൾ അന്നത്തെ കളക്‌ടർ ബദൽറോഡ് സന്ദർശിച്ച് ഫണ്ട് അനുവദിക്കുന്നതിന് സൂചന നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല
66 വർഷം മുൻപു വരെ സർവീസ് നടത്തിയിരുന്ന ഈ റോഡിന് വി.ടി. സൂരജ് എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് സംസ്ഥാനബജറ്റിൽ രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ ബദൽപാത എത്രയുംപെട്ടെന്ന് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. നവീകരണം പൂർത്തിയായാൽ കക്കയം, കരിയാത്തുംപാറ ഭാഗങ്ങളിലേക്കുള്ള സുരക്ഷിതമായ ബദൽമാർഗം കൂടിയാകും ഇത്.

0 Comments