മങ്ങാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മങ്ങാട് എയുപി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഖൈറുന്നിസ റഹീമിന്റെ അധ്യക്ഷതയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ എം. ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന സന്ദേശവും പ്രതിജ്ഞയും വിദ്യാർത്ഥികൾക്ക് കൈമാറിയ അദ്ദേഹം ജലം, വായു, മണ്ണ് എന്നിവ സംരക്ഷിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് സംയുക്തമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. തുടർന്ന് എളേറ്റിൽ വട്ടോളിയിൽ പത്ത് തലമുറകൾക്ക് തണലും കുളിരുമേകിയ, ഇരുനൂറിലധികം വർഷം പഴക്കമുള്ള ഈട്ടി മരത്തിന് (മുത്തശ്ശി മരം) വിദ്യാർത്ഥികളും അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് സവിശേഷമായ 'വൃക്ഷാദരവും' സംരക്ഷണ പ്രതിജ്ഞയും സമർപ്പിച്ചു. പിടിഎ പ്രസിഡന്റ് ഖൈറുന്നിസ റഹീമിന്റെ അധ്യക്ഷതയിൽ നടന്ന ഈ ചടങ്ങ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ അയ്യൂബ് പൂക്കോട് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഇസ്ഹാക്ക് മാസ്റ്റർ പൂക്കോട്ട്, അസീസ് മാസ്റ്റർ എന്നിവർ മുത്തശ്ശി മരത്തിന്റെ ചരിത്രത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മുഖ്യപ്രഭാഷണം നടത്തി. എ.കെ. ഗ്രിജീഷ് മാസ്റ്റർ, എസ്ആർജി കൺവീനർ പി.കെ. ലൂന ടീച്ചർ, കെ. ജൗഹറത്തുൽ മക്കിയ, എൻ.പി. റസിയ ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രധാനധ്യാപകൻ കെ. ഉമ്മർ മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി കമറുൽ ഇസ്ലാം മാസ്റ്റർ നന്ദി രേഖപ്പെടുത്തി. പ്രകൃതിയെ അറിഞ്ഞും ആദരിച്ചും വിദ്യാർത്ഥികൾ ഒത്തുചേർന്ന പരിപാടി ഏറെ ശ്രദ്ധേയമായി.

0 Comments