Ticker

6/recent/ticker-posts

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണത്തിന് ജി.യു.പി. സ്കൂളിൽ തുടക്കമായി

ഉണ്ണികുളം: അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഉണ്ണികുളം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഉണ്ണികുളം ജി.യു.പി. സ്കൂളിൽ പ്രൗഢഗംഭീരമായി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുല്ല മാസ്റ്റർ സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൃഷി ഓഫീസർ എം.എം. ശ്രീലക്ഷ്മി മുഖ്യതിഥിയായി പങ്കെടുത്ത് പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അവർ ഓർമ്മിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സന്തോഷ് കുമാർ, സ്കൂൾ വികസന സമിതി അംഗം ബാബുരാജ് ഉക്കച്ചിയിൽ, ഗ്രാമപഞ്ചായത്ത് അംഗം ശബരീഷ്, സ്റ്റാഫ് സെക്രട്ടറി കെ. പ്രസീത, എസ്.ആർ.ജി കൺവീനർ ടി. റുക്സാന, നിത്യ ഇ. പുഷ്പ, സഫീർ അറഫാത്ത് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ക്വിസ്, കളറിംഗ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവയും സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിനും പ്രകൃതിയോടുള്ള ഉത്തരവാദിത്വബോധം ശക്തിപ്പെടുത്തുന്നതിനും പരിപാടികൾ ഏറെ സഹായകമായി. ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ പി.വി. ഗണേഷ് സ്വാഗതവും പരിസ്ഥിതി ക്ലബ് കൺവീനർ കെ. രേഖ നന്ദിയും രേഖപ്പെടുത്തി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പിടിഎ അംഗങ്ങളും പരിപാടികളിൽ സജീവമായി പങ്കെടുത്തു.



Post a Comment

0 Comments