Ticker

6/recent/ticker-posts

തലയാട് ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമിക്കണം; യാത്രക്കാർ ദുരിതത്തിൽ


തലയാട്: പനങ്ങാട് ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ചിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയെങ്കിലും പകരം പുതിയ ബസ്റ്റോപ്പ് ഇതുവരെ നിർമ്മിക്കാത്തത് യാത്രക്കാരെയും വിദ്യാർത്ഥികളെയും ദുരിതത്തിലാഴ്ത്തുന്നു. കക്കയം, കരിയാത്തുംപാറ, കൂരാച്ചുണ്ട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരും വിദ്യാർത്ഥികളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകുന്ന സന്ദർശകരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. മഴയും കനത്ത വെയിലും വകവയ്ക്കാതെ റോഡരികിൽ നിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.


മലയോര ഹൈവേയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും തലയാട് അങ്ങാടിയിൽ നിന്ന് കക്കയം ഭാഗത്തേക്കുള്ള ബസ്റ്റോപ്പ് മാത്രം ഇതുവരെ പുനർനിർമിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ദിവസേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന ഈ കേന്ദ്രത്തിന്റെ അഭാവം യാത്രക്കാർക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. അടിയന്തരമായി തലയാട് അങ്ങാടിയിൽ നിന്ന് കക്കയം ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ച് യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് വിദ്യാർത്ഥികളും പൊതുജനങ്ങളും ബന്ധപ്പെട്ട അധികൃതരോടാവശ്യപ്പെട്ടു.

Post a Comment

0 Comments