ബാലുശ്ശേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കപ്പുറം മേഖലാ കുടുംബസംഗമവും പ്രാദേശിക സമ്മേളനവും കരിമല എ.എം.എൽ.പി. സ്കൂൾ പരിസരത്ത് പ്രൗഢഗംഭീരമായി നടന്നു. ബാലുശ്ശേരി എം.എൽ.എ വി.ടി. സൂരജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി കെ.കെ. സതീശൻ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ, വൻകിട വികസന പദ്ധതികൾക്കപ്പുറം സാധാരണക്കാരുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ജനകീയ ഭരണമാണ് നിലവിലെ യു.ഡി.എഫ് സർക്കാർ കാഴ്ചവെക്കുന്നതെന്ന് വി.ടി. സൂരജ് എം.എൽ.എ പറഞ്ഞു. ആശാ വർക്കർമാരുടെ വേതനവർധന, ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, പാവപ്പെട്ടവർക്കായി 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി'ക്ക് മുൻഗണന എന്നിവ സർക്കാർ നടപ്പാക്കിയത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ പാർട്ടിക്കായി ദീർഘകാലം പ്രവർത്തിച്ച മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ എം.എൽ.എ ആദരിച്ചു. സർവ്വോദയ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അംശുലാൽ പൊന്നാറത്ത് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം കെ.കെ. രാമചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ടീച്ചർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാസർ മാസ്റ്റർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് എന്നിവർ ആശംസകൾ അർപ്പിച്ചു. സമ്മേളനത്തിൽ മേഖലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുബൈർ കുറുന്നങ്ങൽ പ്രസിഡന്റായും, സുധീഷ് സെക്രട്ടറിയായും, ഫൈസൽ പുന്നോറത്ത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ലത സജീവൻ, അനിൽ കാരാട്ടുമ്മൽ എന്നിവർ വൈസ് പ്രസിഡന്റുമാരായും ബഷീർ കോട്ടയിൽ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സുബൈർ കുറുന്നങ്ങൽ സ്വാഗതവും ഫൈസൽ വി. നന്ദിയും രേഖപ്പെടുത്തി.

0 Comments