പൂനൂർ : പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ സിറാജുദ്ദീൻ പന്നിക്കോട്ടൂരിന് സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം. വിദ്യാഭ്യാസ വകുപ്പുമന്ത്രി എൻ. ശംസുദ്ദീനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. വൈവിധ്യമാർന്ന അനുഭവങ്ങളും അറിവുകളും വിദ്യാർഥികൾക്ക് പകർന്നുനൽകുകയും സർക്കാർ വിദ്യാലയത്തിന്റെ മികവിനും മുന്നേറ്റത്തിനുമായി പ്രവർത്തിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. സാമ്പത്തികമായും സാംസ്കാരികമായും പിന്നാക്കം നിൽക്കുന്ന മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കഴിഞ്ഞ 20 വർഷമായി ജീവശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചുവരികയാണ്. ഇതിന് മുമ്പ് എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ച് വർഷം സേവനം ചെയ്തിട്ടുണ്ട്. ജീവശാസ്ത്രത്തിനൊപ്പം ഐ.ടി. മേഖലയിലും പ്രാവീണ്യം തെളിയിച്ച അധ്യാപകനാണ് സിറാജുദ്ദീൻ.
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘ഗിഫ്റ്റഡ് ചിൽഡ്രൻ’ പദ്ധതിയുടെ കോഡിനേറ്ററായി അഞ്ച് വർഷമായി പ്രവർത്തിച്ചുവരുന്നു. അവധി ദിനങ്ങൾ പ്രയോജനപ്പെടുത്തി മിടുക്കരായ വിദ്യാർഥികൾക്കായി പഠന ക്ലാസുകൾ, പഠനയാത്രകൾ, സ്ഥാപന സന്ദർശനങ്ങൾ, ഓൺലൈൻ പരിശീലനങ്ങൾ, പ്രോജക്ടുകൾ തുടങ്ങിയവയ്ക്ക് നേതൃത്വം നൽകുന്നു. സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ നിരവധി പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്.
സ്വന്തം വിദ്യാലയത്തിൽ ശാസ്ത്രമേഖലയിൽ വിവിധ പഠനതന്ത്രങ്ങൾ ആവിഷ്കരിക്കുകയും പ്രോജക്ടുകൾ, സെമിനാറുകൾ, പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നു. മിടുക്കരായ വിദ്യാർഥികൾക്ക് അധിക പരിശീലനം നൽകുന്നതിനുള്ള ‘ഗിഫ്റ്റ്’ പദ്ധതിക്കും നേതൃത്വം നൽകുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷാ പരിശീലന പരിപാടിക്കും തുടക്കമിട്ടു.
വിദ്യാർഥികളിൽ ശാസ്ത്രരചനാ താൽപര്യം വളർത്തുന്നതിനായി ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുകയും അവരുടെ രചനകൾ പത്ര-മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്യുന്നു. കഴിഞ്ഞ 20 വർഷമായി സ്കൂളിന്റെ പി.ആർ.ഒ. എന്ന നിലയിൽ പ്രവർത്തിച്ച് വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ സമൂഹത്തിലെത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. ഈ പ്രവർത്തനങ്ങൾ സ്കൂളിനെ സമൂഹവുമായി കൂടുതൽ അടുപ്പിക്കുകയും 18 ഡിവിഷനുകളുണ്ടായിരുന്ന വിദ്യാലയം ഇന്ന് 33 ഡിവിഷനുകളുള്ള വലിയ സ്ഥാപനമായി വളരുന്നതിനും സഹായകമായി.
കഴിഞ്ഞ 20 വർഷമായി ജില്ലാ, സംസ്ഥാന റിസോഴ്സ് അംഗമായും അധ്യാപക പരിശീലകനായും പ്രവർത്തിക്കുന്നു. എസ്.സി.ഇ.ആർ.ടി.യുടെ ഭാഗമായി പാഠപുസ്തക രചനയിലും ജില്ലാ പഞ്ചായത്ത്, ഡയറ്റ്, എസ്.എസ്.കെ. തുടങ്ങിയ വിദ്യാഭ്യാസ ഏജൻസികളുടെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി പഠന മോഡ്യൂൾ തയ്യാറാക്കുന്നതിലും പങ്കാളിയായി. വിദ്യാർഥികൾക്ക് ശാസ്ത്ര പ്രോജക്ടുകൾ, സെമിനാറുകൾ, പ്രബന്ധരചന എന്നിവയിൽ പരിശീലനം നൽകിവരുന്നു. ഇതിന്റെ ഭാഗമായി ശാസ്ത്രോത്സവത്തോടനുബന്ധിച്ച സംസ്ഥാനതല ശാസ്ത്രരചനാ മത്സരത്തിൽ വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം നേടാനും സാധിച്ചു.
സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി അധ്യാപക പരിശീലന പരിപാടികളിൽ പങ്കെടുത്തിട്ടുള്ള സിറാജുദ്ദീൻ സഹ അധ്യാപകർക്കും പരിശീലനം നൽകിയിട്ടുണ്ട്. ആരോഗ്യബോധവൽക്കരണ ക്ലാസുകൾ, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടികൾ, ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന പരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി, കൃഷി മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിനായി ക്ലബ്ബുകൾ രൂപീകരിക്കുകയും സെമിനാറുകൾ, കാർഷിക പ്രവർത്തനങ്ങൾ, വനയാത്രകൾ, ക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്യുന്നു. കൃഷി, ശാസ്ത്ര മേഖലകളിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നതിന് സംസ്ഥാന സർക്കാരിൽനിന്ന് അനുമതി നേടിയ അധ്യാപകനാണ്. വിവിധ ആനുകാലികങ്ങളിൽ നൂറിലേറെ കാർഷിക ലേഖനങ്ങളും 200ഓളം ശാസ്ത്ര ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും നിരവധി ശാസ്ത്ര പ്രഭാഷണങ്ങൾ അവതരിപ്പിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ ശാസ്ത്രോത്സവം, ഐ.ടി. മേള, സ്കൂൾ കലോത്സവം എന്നിവയുടെ ബാലുശ്ശേരി ഉപജില്ല കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ സ്കൂളുകളിൽ ശാസ്ത്രം, കൃഷി, പരിസ്ഥിതി മേഖലകളിൽ ക്ലാസുകളും പരിശീലനങ്ങളും നൽകിയിട്ടുണ്ട്.
ജന്മനാടായ പന്നിക്കോട്ടൂരിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിനും സിറാജുദ്ദീൻ നേതൃത്വം നൽകിയിട്ടുണ്ട്. പന്നിക്കോട്ടൂർ ഗവ. എൽ.പി. സ്കൂളിൽ പി.ടി.എ. പ്രസിഡന്റായും എസ്.എം.സി. ചെയർമാനായും 12 വർഷത്തോളം പ്രവർത്തിച്ച് അൺഎക്കണോമിക് വിഭാഗത്തിലായിരുന്ന സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകി. വാർഡ് മെമ്പറുടെ നേതൃത്വത്തിലുള്ള ‘സക്സസ്’ വിദ്യാഭ്യാസ മുന്നേറ്റ പരിപാടിയിലൂടെയും വിദ്യാർഥികൾക്ക് പഠന-തൊഴിൽ മേഖലകളിൽ മാർഗനിർദേശങ്ങൾ നൽകിവരുന്നു.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നിയോജക മണ്ഡലത്തിലെ നരിക്കുനി പഞ്ചായത്തിലെ പന്നിക്കോട്ടൂരിൽ കുണ്ടത്തിൽ മരക്കാർ ഹാജിയുടെയും തോടമ്മാക്കിൽ കുടുംബാംഗമായ മറിയം ഹജ്ജുമ്മയുടെയും മകനാണ് സിറാജുദ്ദീൻ പന്നിക്കോട്ടൂർ. ഭാര്യ: സജ്ന മംഗലത്ത്, അധ്യാപിക, ഗവ. മാപ്പിള യു.പി. സ്കൂൾ എളേറ്റിൽ. മക്കൾ: ഫാത്തിമ നൗറിൻ പി.ടി., സ്വാബിർ അലി പി.ടി.

0 Comments