Ticker

6/recent/ticker-posts

ഗുരുസ്മരണയിൽ മങ്ങാട്:തലമുറകളുടെ സംഗമമായി അധ്യാപക ദിനാഘോഷം

പൂനൂർ: എൺപത്തിമൂന്ന് വർഷത്തെ അറിവിന്റെയും അക്ഷരങ്ങളുടെയും പാരമ്പര്യത്തിന് സ്നേഹാദരത്തിന്റെ പൊൻതൂവൽ ചാർത്തി മങ്ങാട് എ.യു.പി. സ്കൂളിൽ അധ്യാപക ദിനാഘോഷം. 1943 മുതൽ 2026 വരെയുള്ള മങ്ങാട് വിദ്യാലയത്തിന്റെ ചരിത്രത്തിൽ അധ്യാപകരായും വിദ്യാർത്ഥികളായും വിവിധ തലമുറകളിൽ ഈ വിദ്യാലയവുമായി ആത്മബന്ധം പുലർത്തിയവരെ ഒരേ വേദിയിൽ അണിനിരത്തിയ ചടങ്ങ് ഗുരുസ്മരണയുടെ അപൂർവ സംഗമമായി.

വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങി നാടിന്റെ വിവിധ ഭാഗങ്ങളിൽ അധ്യാപകരായി ദീർഘകാലം സേവനമനുഷ്ഠിച്ച് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച അമ്പതോളം പൂർവവിദ്യാർത്ഥി അധ്യാപകരെയും, മങ്ങാട് വിദ്യാലയത്തിന്റെ സ്ഥാപകഘട്ടം മുതൽ വിവിധ കാലയളവുകളിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ജീവിച്ചിരിക്കുന്ന മുൻ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.

പ്രൗഢഗംഭീരമായ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് നൗഫൽ ചാലിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം. ഹംസ മാസ്റ്റർ, സ്കൂൾ മാനേജർ എൻ. ആർ. അബ്ദുൽ നാസർ എന്നിവർ ആശംസകൾ നേർന്നു.

പഠിച്ച വിദ്യാലയത്തിലേക്ക് ഗുരുനാഥന്മാരായി തിരിച്ചെത്തിയ ശിഷ്യന്മാർ തങ്ങളെ പഠിപ്പിച്ച ഗുരുനാഥന്മാരോടൊപ്പം ഒരേ വേദിയിൽ വീണ്ടും ഒത്തുചേർന്ന അപൂർവ നിമിഷങ്ങൾ ചടങ്ങിനെ അവിസ്മരണീയമാക്കി. മുൻ അധ്യാപകരെയും പൂർവവിദ്യാർത്ഥി അധ്യാപകരെയും പൊന്നാടയണിയിച്ച് ആദരിക്കുകയും, മങ്ങാട് വിദ്യാലയത്തിന്റെ മനോഹരമായ ദൃശ്യപശ്ചാത്തലത്തോടുകൂടിയ പ്രത്യേക സ്മാരക മൊമെന്റോ സമ്മാനിക്കുകയും ചെയ്തു. വിദ്യാലയത്തിൽ നിലവിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകരെയും പിടിഎയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.

കാലത്തിന്റെ വിവിധ ഘട്ടങ്ങളിൽ മങ്ങാടിന്റെ അക്ഷരമുറ്റത്ത് അറിവിന്റെ വിത്തുകൾ വിതച്ച ഗുരുനാഥന്മാരും, ആ അറിവിന്റെ വെളിച്ചവുമായി സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് പടർന്നുപോയ അവരുടെ ശിഷ്യന്മാരും ഒരുമിച്ചെത്തിയപ്പോൾ അത് ഒരു അധ്യാപക ദിനാഘോഷം മാത്രമല്ല, മങ്ങാട് വിദ്യാലയത്തിന്റെ ചരിത്രത്തിന്റെ പുനഃസംഗമം കൂടിയായി.
പഴയ തലമുറയിലെ ഗുരുനാഥന്മാരുടെയും അവരുടെ ശിഷ്യരായി വളർന്ന് അധ്യാപകവൃത്തിയിലേക്ക് കടന്നുവന്ന പുതിയ തലമുറയുടെയും സ്നേഹസംഗമം സദസ്സിൽ ഗൃഹാതുരതയും അഭിമാനവും ആവേശവും നിറച്ചു. 

ഗുരുവിനോടുള്ള ആദരവും വിദ്യാലയത്തോടുള്ള കടപ്പാടും തലമുറകളിലൂടെ കൈമാറപ്പെടേണ്ട മഹത്തായ മൂല്യങ്ങളാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ച ചടങ്ങായി മങ്ങാട് എയുപി സ്കൂളിലെ അധ്യാപക ദിനാഘോഷം മാറി. മങ്ങാട് വിദ്യാലയത്തിന്റെ ചരിത്രത്തിൽ സ്നേഹത്തോടെയും അഭിമാനത്തോടെയും ഓർത്തുവെക്കാവുന്ന ഒരു സുവർണ അധ്യായമായി ഗുരുസ്മരണ ചടങ്ങ് മാറി.

ചടങ്ങിന് ഹെഡ്മാസ്റ്റർ കെ. ഉമ്മർ മാസ്റ്റർ സ്വാഗതവും, എ കെ ഗ്രിജീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments