തലയാട്: അങ്ങാടിയിൽ മലയോര ഹൈവേയുടെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൊതുജനങ്ങൾക്കും യാത്രക്കാർക്കും വലിയ ദുരിതമാകുന്നു. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ബസുകളും മോട്ടോർ സൈക്കിളുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നതോടെ ഹൈവേയിലൂടെയുള്ള ഗതാഗതം ഏറെ ദുഷ്കരമാവുകയാണ്.
തലയാട് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യേണ്ട ബസുകൾ റോഡരികിൽ നിർത്തിയിടുന്നതും ചെറിയ വാഹനങ്ങൾ റോഡിനോട് ചേർന്ന് അലക്ഷ്യമായി പാർക്ക് ചെയ്യുന്നതുമാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതുമൂലം മലയോര മേഖലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്ന് എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്കും വലിയ വാഹനങ്ങൾക്കും അങ്ങാടിയിലൂടെ കടന്നുപോകാൻ ഏറെ പ്രയാസപ്പെടേണ്ടിവരുന്നു. പോലീസിന്റെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും പരിശോധനയും നിയന്ത്രണവും കാര്യക്ഷമമല്ലാത്തതാണ് റോഡരികിലെ വാഹന പാർക്കിങ് വർധിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
ബസുകൾ നിർബന്ധമായും ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണമെന്നും ചെറിയ വാഹനങ്ങൾ റോഡിൽനിന്ന് മാറ്റി നിശ്ചിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. കൂടാതെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും തിരിച്ചും സഞ്ചരിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ ആവശ്യമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

0 Comments