മടവൂർ: മടവൂർ ഗ്രാമപഞ്ചായത്തിന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ അംഗീകാരം ലഭിച്ചു. ഗുണമേന്മ സംവിധാനത്തിനുള്ള ISO 9000 ശ്രേണിയിലെ 9001:2015 അംഗീകാരമാണ് ഗ്രാമപഞ്ചായത്തിന് ലഭിച്ചത്. അന്താരാഷ്ട്രതലത്തിൽ നിർണയിക്കപ്പെട്ട ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും, പൊതുജനങ്ങൾക്ക് നൽകുന്ന സമയബന്ധിതമായ സേവനങ്ങളും മറ്റ് വികസന പ്രവർത്തനങ്ങളുമാണ് അംഗീകാരത്തിനായി പരിഗണിച്ചത്.
രണ്ട് ഘട്ടങ്ങളിലായി നടന്ന ഓഡിറ്റിലൂടെയാണ് സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയത്. ഒന്നാം ഘട്ടത്തിൽ അടിസ്ഥാന സൗകര്യങ്ങളും രണ്ടാംഘട്ടത്തിൽ പൊതു ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളും വികസന പ്രവർത്തനങ്ങളുമാണ് പരിശോധന വിധേയമാക്കിയത്.
ഹൈദരാബാദ് ആസ്ഥാനമായ ടി.ക്യു സെർട്ട് സർവീസസ് എന്ന സർട്ടിഫിക്കേഷൻ ഏജൻസിയാണ് ഓഡിറ്റ് നടത്തിയത്. ഓഡിറ്റിന്റെ മുന്നോടിയായി പുതിയ ഫ്രണ്ട് ഓഫീസ്, റെക്കോർഡ് റൂം, ഇൻഫർമേഷൻ ബോർഡുകൾ എന്നിവ സജ്ജീകരിക്കുകയും പുതിയ പൗരാവകാശ രേഖ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ അഡ്മിനിസ്‌ട്രേഷന്റെ (കില) സാങ്കേതിക സഹായത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്.
ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സന്തോഷ് മാസ്റ്റർ ഐ.എസ് .ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എ റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ഫാത്തിമ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സോഷ്മ സുർജിത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷക്കീല ബഷീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈനി തായാട്ട്, മെമ്പർമാരായ ഇ.എം.വാസുദേവൻ, പുറ്റാൾ മുഹമ്മദ്, സി.പി.അസീസ്, അസിസ്റ്റന്റ് സെക്രട്ടറി ടി. സൈനുദ്ധീൻ കിലയുടെ ഐ.എസ്.ഒ സീനിയർ പ്രോജക്ട് മാനേജർ ബീത്തു ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സർട്ടിഫിക്കേഷൻ നടപടികളിൽ പങ്കാളികളായ ജീവനക്കാരെ പഞ്ചായത്ത് ഭരണസമിതി ഉപഹാരം നൽകി അനുമോദിച്ചു.
0 Comments