Ticker

6/recent/ticker-posts

സ്കൂളിനെ സ്നേഹിച്ച എ വി മുഹമ്മദ് മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുന്നു

പൂനൂർ: ക്ലാസ് മുറിയിൽ കൗതുകവും തമാശയും കാര്യവും ഒരേ പോലെ ഉൾപ്പെടുത്തി അറബി ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം നേടാൻ പ്രാപ്തരാക്കുന്ന രീതിയിൽ ബോധന പ്രക്രിയയിൽ ഇടപെടുകയും സ്കൂളിന്റെ വളർച്ചയും വികാസവും ലക്ഷ്യം വെച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന അറബി അധ്യാപകൻ എ വി മുഹമ്മദ് മാസ്റ്റർ പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിക്കുന്നു. വിദ്യാർത്ഥികൾക്ക് മുന്നിൽ ഒരു സുഹൃത്തും സഹായിയും വഴികാട്ടിയുമായി മാറി എന്നും ഓർമിക്കപ്പെടുന്ന അധ്യാപകനാവാൻ അദ്ദേഹത്തിന് സാധിച്ചു.

1996ൽ വാകയാട് നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് സർക്കാർ സർവീസിൽ പ്രവേശിക്കുകയും കുറ്റ്യാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ജോലി ചെയ്ത് 2007 ജൂൺ മാസത്തിൽ പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശിക്കുകയും തുടർച്ചയായി 18 വർഷം സേവനം അനുഷ്ഠിക്കുകയായിരുന്നു. 

സ്കൂളിന്റെ അച്ചടക്ക പ്രവർത്തനങ്ങളിലും വികസന പ്രവർത്തനങ്ങളിലും തന്റേതായ തീരുമാനങ്ങളും നിലപാടുകളും കൃത്യമായി നൽകിക്കൊണ്ട് സമൂഹത്തിൽ സ്കൂളിന് സൽപേരുണ്ടാക്കുന്നതിൽ അദ്ദേഹം പ്രവർത്തിച്ചു. മികച്ച ഒരു വാഗ്മിയും വിഷയ അവതാരകനുമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു നയിച്ചു. സ്കൂൾ ഭരണകാര്യങ്ങളിൽ നയപരമായ നിലപാടുകളാൽ മികച്ച പ്രവർത്തകനായി മാറി. സഹപ്രവർത്തകർക്ക് കരുതലായും സുഹൃത്തായും എന്നും കൂടെ നിന്ന അദ്ദേഹം പൊതുജനങ്ങൾക്ക് മാതൃകാ അധ്യാപകനായി തിളങ്ങി നിന്നു. 2025 മെയ് 31ന് അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുകയാണ്. 

ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ അദ്ദേഹം മാപ്പിളകലകളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സ്കൂളിലെ പ്രവർത്തനങ്ങൾക്കായി ഒരു ഡെസ്ക് ടോപ്പ് കമ്പ്യൂട്ടർ സമ്മാനിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്.

Post a Comment

0 Comments