Ticker

6/recent/ticker-posts

യാത്രക്കാ‍‍‌ർക്ക് ഭീഷണിയായി എസ്റ്റേറ്റ്മുക്ക് - തലയാട് റോഡരികിലെ കാടുകൾ

എകരൂൽ : എസ്റ്റേറ്റ്‌മുക്ക് - തലയാട് റോഡരികിൽ തെച്ചി മരുതിൻചുവട് ഭാഗത്ത് ഇരുവശത്തും വളർന്നുപന്തലിച്ച കാട് വലിയ അപകടഭീഷണിയായി. ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും കാഴ്ചമറയ്ക്കുന്നവിധത്തിലുള്ള കാട് വെട്ടിമാറ്റാത്തത് അപകടങ്ങൾ വർധിക്കാനിടയാക്കുന്നു. ഗ്രാമപഞ്ചായത്തോ റോഡുപണി നടത്തുന്ന കരാറുകാരോ കാട് വെട്ടിത്തെളിക്കാൻ ഉടനെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ നിത്യേന കടന്നുപോകുന്ന റോഡാണിത്. മലയോരഹൈവേയിൽ തലയാട് പടിക്കൽവയൽ ഭാഗത്തേക്കെത്തുന്ന ഈ റോഡ് അടുത്തിടെ നവീകരണം നടത്തിയെങ്കിലും പലഭാഗത്തും പണി പൂർത്തീകരിക്കാത്തത് അപകടങ്ങൾക്കിടയാക്കുന്നു. കഴിഞ്ഞ രണ്ടാഴ്ച്‌ചയ്ക്കുള്ളിൽത്തന്നെ തെച്ചി, എമ്മംപറമ്പ് ഭാഗങ്ങളിലായി നാല് വാഹനാപകടങ്ങളുണ്ടായി. എം.എം പറമ്പിൽ ഓട്ടോറിക്ഷയിടിച്ച് ഗുരുതരപരിക്കേറ്റ കോട്ടക്കുന്നുമ്മൽ ആബിദ് ഇപ്പോഴും കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. അതിന് ഒരാഴ്‌ചമുൻപ് തെച്ചിയിൽ രണ്ടുവാഹനങ്ങൾ കൂട്ടിയിടിച്ച് പത്തോളംപേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം എതിരേവന്ന ബസിന് അരികുകൊടുക്കുന്നതിനിടെ സ്വകാര്യബസ് തെച്ചിയിൽ റോഡരികിലെ മണ്ണിൽ താഴ്ന്ന് ഒരാൾക്ക് പരിക്കേൽക്കാനിടയായി. തെച്ചി ഭാഗം അപകടമേഖലയാവാൻ അധികൃതരുടെ അനാസ്ഥ ഇടയാക്കുന്നതിൽ വലിയ പ്രതിഷേധമുയർന്നു. റോഡുപണി പൂർത്തീകരിച്ച് അരിക് കോൺക്രീറ്റുചെയ്‌തും കാട് വെട്ടിത്തെളിച്ചും അപകടാവസ്ഥയ്ക്ക് പരിഹാരംകാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.



Post a Comment

0 Comments