Ticker

6/recent/ticker-posts

കോഴിക്കോടിന്റെ കടലും തീരവും ശുചിത്വത്തിൽ മാതൃക തീർത്തു

കോഴിക്കോട് : കടലിലും തീരത്തും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശ വികസനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച 'ശുചിത്വസാഗരം സുന്ദര തീരം' പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയതിനുള്ള സംസ്ഥാനതല അവാർഡ് കോഴിക്കോട് ജില്ലയ്ക്ക്. മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡ് ലഭിച്ചതായി  കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കടൽത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കുന്നതിൽ ഏറ്റവും മികച്ച പങ്ക് വഹിച്ചതിനാണ് പുരസ്‌കാരം. 


മത്സ്യബന്ധനം, തദ്ദേശ സ്വയംഭരണം, യുവജനകാര്യം, വിനോദ സഞ്ചാരം വകുപ്പുകളുടെയും അവയുടെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങൾ, സംഘങ്ങൾ, സന്നദ്ധ സേവകർ എന്നിവരുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയിൽ അഴിയൂർ പഞ്ചായത്തിലെ എരിക്കൽ ബീച്ച് മുതൽ കടലുണ്ടി പഞ്ചായത്തിലെ വാക്കടവ് കോർണിഷ് മസ്ജിദ് വരെ ഓരോ കിലോമീറ്റർ ഇടവെട്ട് സജ്ജീകരിച്ച 72 ആക്ഷൻ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും, വിവിധ വകുപ്പുകളെയും സംയോജിപ്പിച്ച് ആക്ഷൻ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പരിപാടിയുടെ വിജയത്തിനായി വിവിധ സംഘാടക സമിതികൾ രൂപീകരിക്കുകയുയും ചെയ്തു.

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾ, കോർപ്പറേഷൻ, തദ്ദേശ സ്വയംഭരണം, ആരോഗ്യ വിഭാഗം, ശുചീകരണ തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, കോസ്റ്റൽ പോലീസ്, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, എൻഎസ്എസ് വളന്റിയർമാർ, ടിഡിഎഫ്, ഹരിത കർമസേന തുടങ്ങി 3000 ത്തിലധികം വരുന്ന സമൂഹത്തിലെ നാനാ മേഖലയിലുള്ളവർ ജില്ലയിലെ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായിരുന്നു.


Post a Comment

0 Comments