ഉണ്ണികുളം : ഒതയോത്തും പടിക്കൽ അങ്കണവാടി വാർഷികാഘോഷം അറപ്പീടിക മറീന ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. കുഞ്ഞു പ്രതിഭകളും പൂർവ്വ വിദ്യാർത്ഥികളും അമ്മമാരും ചേർന്ന് നടത്തിയ കലാപ്രകടനങ്ങൾ അവിസ്മരണീയമായ ഒരു ആഘോഷ രാവാണ് കലാസ്നേഹികൾക്ക് സമ്മാനിച്ചത്. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടിയിൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ മലയിൽ ശ്രീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ യുവജനോത്സവ വേദിയിലൂടെ കടന്ന് വന്ന് സിനിമ, സീരിയൽ, സോഷ്യൽ മീഡിയ സ്കിറ്റ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മനോജ് കുമാർ ചീക്കിലോട് മുഖ്യാതിഥി ആയിരുന്നു. കലാരംഗത്ത് പുതിയ കാലഘട്ടത്തിൽ പുതുതലമുറയ്ക്കുള്ള വിശാലമായ അവസരങ്ങളെ കുറിച്ച് മനോജ്കുമാർ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ പുരസ്കാര വിതരണം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിജിൽ രാജ് നിർവ്വഹിച്ചു. സ്വാഗത ഭാഷണത്തിൽ അങ്കണവാടി അനുഭവിക്കുന്ന ശുദ്ധജല ദൗർലഭ്യം സൂചിപ്പിച്ച രാധാമണി ടീച്ചർക്ക് അത് പരിഹരിക്കാനുള്ള നടപടികൾ പഞ്ചായത്ത് കൈക്കൊള്ളുമെന്ന് ശ്രീ നിജിൽ രാജ് ഉറപ്പു നൽകി.
ആശംസാ പ്രാസംഗികരായി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുല്ല മാസ്റ്റർ, വാർഡ് കൺവീനർ ആർകെ ഇബ്രാഹിം മാസ്റ്റർ, സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി മെമ്പറും അങ്കണവാടി കമ്മിറ്റി അംഗവുമായ പി പി ബാലൻ മാസ്റ്റർ, അങ്കണവാടിയിലെ മുൻകാല അധ്യാപിക വത്സല ടീച്ചർ, ആശാവർക്കർ അനിത കെവി, രക്ഷിതാക്കളുടെ പ്രതിനിധി സുവർഷ എന്നിവർ സംസാരിച്ചു. ഒതയോത്തും പടിക്കൽ ഭാഗത്തെ രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിന് പഞ്ചായത്ത് തലത്തിൽ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രദേശവാസികളുടെ ഭീമഹർജി ചടങ്ങിൽ വെച്ച് രാധാമണി ടീച്ചർ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. പ്രോഗ്രാം കമ്മിറ്റി കൺവീനർ രജീഷ് നന്ദി പ്രകടനം നടത്തി. വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും കലാപ്രകടനങ്ങളിൽ പങ്കെടുത്തവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. കലാപരിപാടികളിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും അങ്കണവാടിയുടെ പേരിലുള്ള മെമെന്റോ ഉപഹാരമായി ആഗസ്റ്റ് 15ന് അങ്കണവാടിയിൽ വച്ച് നടത്തുന്ന ചടങ്ങിൽ വിതരണം ചെയ്യും.
0 Comments