കോഴിക്കോട്: കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട: 3 കോടിയുടെ എം.ഡി.എം.എ. പിടികൂടി; യുവാവും യുവതിയും അറസ്റ്റിൽ. പന്തീരങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് രണ്ടുകിലോയോളം വരുന്ന എം.ഡി.എം.എ. എക്സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി ഷഹീഖ് പി.കെ. (35), അടിവാരം സ്വദേശിനി ഫാത്തിമ സസ്റിൻ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഇൻ്റലിജൻസ് വിഭാഗവും എക്സൈസ് സംഘവും സംയുക്തമായാണ് ടോൾ പ്ലാസയിൽ പരിശോധന നടത്തിയത്. കാർ പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ആദ്യം ഒന്നും കണ്ടെത്താനായില്ലെങ്കിലും വിശദമായ പരിശോധനയിൽ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം മൂന്ന് കോടി രൂപയോളം വിലവരുന്ന നിരോധിത ലഹരിമരുന്നാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. പിടികൂടിയ ഷഹീഖും ഫാത്തിമയും വൻകിട ലഹരി മരുന്ന് മാഫിയയുടെ പ്രധാന കണ്ണികളാണെന്നാണ് എക്സൈസ് സംശയിക്കുന്നത്. ബാംഗ്ലൂരിൽ നിന്നാണോ ഈ മരുന്ന് കൊണ്ടുവന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റാരൊക്കെയാണെന്നും കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു.

0 Comments