Ticker

6/recent/ticker-posts

താമരശ്ശേരി ടൗണിൽ ട്രാഫിക് പരിഷ്കാരം നാളെ മുതൽ പ്രാബല്യത്തിൽ

താമരശ്ശേരി: ടൗണിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വാഹനഗതാഗതം കൂടുതൽ ക്രമീകരിക്കുന്നതിനുമായി പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ ഏപ്രിൽ 17 മുതൽ നടപ്പിലാക്കുമെന്ന് താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലിയും വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണയും അറിയിച്ചു.

പുതിയ ക്രമീകരണങ്ങൾ പ്രകാരം, എല്ലാ ബസ്സുകളും കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മുൻവശം വഴി മാത്രമേ പുതിയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാവൂ. ബസ്സുകൾ ഐഡിയൽ സൂപ്പർമാർക്കറ്റ് റോഡിലൂടെ പുറത്ത് പോകണം.

ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറ് ഭാഗത്ത് വയനാട്, കോഴിക്കോട്, മുക്കം, കോടഞ്ചേരി, മാനിപുരം ഭാഗങ്ങളിലേക്കുള്ള ബസ്സുകൾ പാർക്ക് ചെയ്യുകയും കിഴക്ക് ഭാഗത്ത് കൊയിലാണ്ടി, പൂനൂർ ഭാഗങ്ങളിലേക്കുള്ള ബസ്സുകൾ നിർത്തുകയും ചെയ്യും. കൊയിലാണ്ടി, വയനാട് ഭാഗങ്ങളിലേക്കുള്ള ബസ്സുകൾ ബസ് ബെയിൽ നിർത്തേണ്ടതാണ്.



കൊയിലാണ്ടി ഭാഗത്തു നിന്നുള്ള ബസ്സുകൾ ചുങ്കം വഴി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണം. താമരശ്ശേരി ചുങ്കം ബൈപ്പാസിലെ വൺവേ ട്രാഫിക് സംവിധാനം തുടരും. പ്രദേശവാസികളുടെ ചെറിയ വാഹനങ്ങൾക്കും ഈർപ്പോണ ബസുകൾക്കും മാത്രമേ ഇതിൽ ഇളവ് ഉണ്ടായിരിക്കൂ.

കാരാടി റോഡിലെ വൺവേ സംവിധാനം റദ്ദാക്കും. അടിവാരം ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ചുങ്കം ജംഗ്ഷനിൽ ഇൻഡസ്ട്രിയലിന് സമീപം നീക്കി നിർത്തണം. കെ.എസ്.എഫ്.ഇ റോഡ് വഴി പുതിയ സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

ടൗണിൽ യു.പി സ്കൂൾ മുതൽ കനറാ ബാങ്ക് വരെയും പോസ്റ്റ് ഓഫീസ് മുതൽ കെടവൂർ പള്ളി വരെയും റോഡിന്റെ ഇടത് വശത്ത് മാത്രമേ പാർക്കിംഗ് അനുവദിക്കൂ. വെഴുപ്പൂർ റോഡിലെ അനധികൃത പാർക്കിംഗ് കർശനമായി നിയന്ത്രിക്കും.

മാനിപുരം ഭാഗത്ത് നിന്നുള്ള ബസ്സുകൾ കാരാടി വഴി പഴയ സ്റ്റാൻഡ് വഴിയായി പുതിയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണമെന്നും അധികൃതർ അറിയിച്ചു.


Post a Comment

0 Comments