ബാലുശ്ശേരി: ശക്തമായ പോരാട്ടം നടന്ന ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് കോട്ട തകർത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി സൂരജ് ഉജ്ജ്വല വിജയം നേടി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സൂരജ്, എതിരാളിയായ സി.പി.ഐ.എം സ്ഥാനാർത്ഥി അഡ്വ. കെ.എം സച്ചിൻദേവിനെ 16,980 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, വോട്ടെണ്ണലിന്റെ എല്ലാ റൗണ്ടുകളും പൂർത്തിയായപ്പോൾ വി.ടി സൂരജ് 94,804 വോട്ടുകൾ നേടി. സി.പി.ഐ.എം സ്ഥാനാർത്ഥിയായ അഡ്വ. കെ.എം സച്ചിൻദേവിന് 77,824 വോട്ടുകളും ബി.ജെ.പി സ്ഥാനാർത്ഥി സി.പി സതീഷിന് 17,669 വോട്ടുകളും ലഭിച്ചു.
മണ്ഡലത്തിലെ 19 റൗണ്ട് വോട്ടെണ്ണലിലും തുടക്കം മുതൽ തന്നെ വ്യക്തമായ ആധിപത്യം പുലർത്താൻ യു.ഡി.എഫിന് സാധിച്ചു. മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്നാണ് ഇത്തവണ വി.ടി സൂരജ് നേടിയത്.
ഭരണവിരുദ്ധ വികാരവും വികസന മുരടിപ്പുമാണ് ഈ അട്ടിമറി വിജയത്തിന് കാരണമായതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
വിജയത്തിന് ശേഷം വി.ടി സൂരജ് മണ്ഡലത്തിലെ വോട്ടർമാർക്കും യു.ഡി.എഫ് പ്രവർത്തകർക്കും നന്ദി അറിയിച്ചു. വിജയാഘോഷത്തിന്റെ ഭാഗമായി ബാലുശ്ശേരി ടൗണിലും പ്രധാന കവലകളിലും പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.

0 Comments