ഉണ്ണികുളം കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും ഉണ്ണികുളം ഗ്രാമപഞ്ചായത്ത് കൃഷിഭവനും ഉണ്ണികുളം അഗ്രോ സർവീസ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും ബ്ലോക്ക് തല ഉദ്ഘാടനം ഉണ്ണികുളത്ത് നടന്നു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുല്ല മാസ്റ്റർ അധ്യക്ഷനായ ചടങ്ങ് ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ. വി.ടി. സുരജ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഡോ. ശ്രീലക്ഷ്മി എം.എം.സ്വാഗതം പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ"ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം" പദ്ധതിയുടെ ഭാഗമായി വിത്ത് വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഫൈസൽ പദ്ധതി വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ ടീച്ചർ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. സാജിത, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.കെ. ഇബ്രാഹിം മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. അഭിജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിജിൽ രാജ്, ശബരീശൻ, മറ്റ് ഭരണസമിതി അംഗങ്ങൾ, കാർഷിക വികസന സമിതി പ്രതിനിധി കെ.കെ. നാസർ മാസ്റ്റർ, ഉണ്ണിക്കുളം അഗ്രോ സർവീസ് സെന്റർ സെക്രട്ടറി ഫാത്തിമ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ ടി.ഡി. ശ്രീദേവി നന്ദി രേഖപ്പെടുത്തി.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഞാറ്റുവേല ചന്തയിൽ വിവിധ ഇനങ്ങളിലുള്ള പച്ചക്കറി തൈകൾ, ഫലവൃക്ഷ തൈകൾ, കവുങ്ങിൻ തൈകൾ, സുഗന്ധവ്യഞ്ജന വിളകൾ, വാഴക്കന്നുകൾ, ജൈവവളം, ജൈവ കീടനാശിനികൾ, ഗ്രാമപ്രഭ എഫ്.പി.ഒ. ഉൽപന്നങ്ങൾ, നവചേതന കൃഷിക്കൂട്ടം ഒരുക്കുന്ന കാർഷിക ഉൽപന്നങ്ങൾ എന്നിവ കർഷകർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

0 Comments