Ticker

6/recent/ticker-posts

പൂനൂർ അങ്ങാടിയിൽ പുതിയ ഗതാഗത ക്രമീകരണം; കുരുക്ക് ഒഴിവാക്കാൻ സംയുക്ത നടപടി

പൂനൂർ: പൂനൂർ അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി ഉണ്ണികുളം ഗ്രാമപഞ്ചായത്തും ബാലുശേരി പൊലിസും സംയുക്തമായി തയ്യാറാക്കിയ പുതിയ ഗതാഗത ക്രമീകരണങ്ങൾ നാളെ മുതൽ നിലവിൽ വരും. ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റി, വ്യാപാരി സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ പിന്തുണയോടെയാണ് പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്. അങ്ങാടിയിലെ തിരക്കും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിനായി പൊതുജനങ്ങളും വാഹനയാത്രികരും താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.



അന്യപ്രദേശങ്ങളിലേക്ക് ജോലിക്കായി പോകുന്നവർ പൂനൂർ അങ്ങാടിയിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്നത് പൂർണമായും ഒഴിവാക്കണം. താമരശ്ശേരിയിൽ നിന്ന് നരിക്കുനിയിലേക്ക് പോകുന്ന ബസുകൾ സാദാത്ത് സ്റ്റോറിന് സമീപത്തും, നരിക്കുനിയിൽ നിന്ന് താമരശ്ശേരിയിലേക്ക് പോകുന്ന ബസുകൾ നിലവിലെ ബസ് സ്റ്റോപ്പിന് മുമ്പിലുമായി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം. പൂനൂർ കാന്തപുരം ജങ്ഷനിൽ ബസുകൾ നിർത്തുന്നത് അനുവദിക്കില്ല. ഓട്ടോ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾ പൂനൂർ–കാന്തപുരം ജങ്ഷനിൽ യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യാതെ സൗകര്യപ്രദമായ മറ്റ് സ്ഥലങ്ങളിൽ നിന്ന് സർവീസ് നടത്തണമെന്നും റോഡരികിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ പരമാവധി റോഡിന്റെ വശത്തേക്ക് ചേർത്ത് പാർക്ക് ചെയ്യണമെന്നും നിർദേശമുണ്ട്.


മഠത്തുംപൊയിൽ റോഡിൽ അങ്ങാടിയോട് ചേർന്ന ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം. അങ്ങാടിക്ക് സമീപത്തെ പഴയ പാലത്തിൽ നിലവിലുള്ള വൺവേ സംവിധാനം കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. കോളിക്കൽ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ പുതിയ പാലം വഴിയാണ് അങ്ങാടിയിലേക്ക് പ്രവേശിക്കേണ്ടത്. പൂനൂരിൽ നിന്ന് കോളിക്കൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പഴയ പാലം വഴിയേ സഞ്ചരിക്കണം. പീക്ക് സമയങ്ങളിൽ വലിയ ചരക്കുവാഹനങ്ങൾ അങ്ങാടിയിൽ നിർത്തി ചരക്ക് കയറ്റുന്നതും ഇറക്കുന്നതും ഒഴിവാക്കി സമയക്രമീകരണം നടത്തണമെന്നും അങ്ങാടിയിലെത്തുന്ന സ്വകാര്യ വാഹനങ്ങൾ കാവേരി സ്റ്റോറിന് ശേഷമുള്ള ഭാഗം മുതൽ ഇശാഅത്ത് വരെയും, സൗത്ത് ഇന്ത്യൻ ബാങ്കിന് ശേഷം പെരിങ്ങളം വയൽ വരെയുമുള്ള റോഡരികിൽ പാർക്ക് ചെയ്ത് ആവശ്യങ്ങൾ കഴിഞ്ഞ ഉടൻ മാറ്റണമെന്നും അധികൃതർ അറിയിച്ചു.

പുതിയ ഗതാഗത ക്രമീകരണങ്ങൾ വിജയകരമാക്കാൻ പൊതുജനങ്ങളുടെയും വ്യാപാരികളുടെയും വാഹനയാത്രികരുടെയും പൂർണ സഹകരണം ഉണ്ടാകണമെന്ന് ഉണ്ണികുളം ഗ്രാമപഞ്ചായത്തും ബാലുശേരി പൊലിസും അഭ്യർഥിച്ചു.

Post a Comment

0 Comments