എകരൂൽ: വട്ടോളി ബസാർ – കപ്പുറം - ഇയ്യാട് റോഡിന്റെ നവീകരണപ്രവൃത്തികൾ മുടങ്ങിയതോടെ റോഡിലെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ ഓട്ടോകളുടെ സർവീസ് നിർത്തിവെക്കാൻ തീരുമാനിച്ചതായി വട്ടോളി ബസാർ ഓട്ടോ തൊഴിലാളി കോഡിനേഷൻ കമ്മിറ്റി അറിയിച്ചു. ജില്ലാപഞ്ചായത്തിൻ്റെ കീഴിൽ പ്രധാനമന്ത്രിയുടെ 'ഗ്രാമീണ സഡക് യോജന'യിൽ നവീകരണം തുടങ്ങിയ റോഡാണിത്. നാലുവർഷത്തോളമായി പണിപൂർത്തീകരിക്കാനാവാതെ ജോലികൾ നിലച്ചതോടെ ഏറെ യാത്രാപ്രാധാന്യമേറിയ ഈ റൂട്ടിൽ യാത്രചെയ്യുന്ന സ്കൂൾ, കോളേജ് വിദ്യാർഥികളടക്കം ഒട്ടേറെ യാത്രക്കാർ ഏറെ പ്രയാസമനുഭവിക്കുകയാണ്. ചെറിയമഴ പെയ്താൽപ്പോലും റോഡിലെ കുഴികളിലും കിടങ്ങുകളിലും വെള്ളംനിറഞ്ഞ് വാഹനയാത്രയും കാൽനടയാത്രയും ദുഷ്കരമാക്കുന്നു. റോഡിലെ കുഴികളും നെടുകെ കീറിയ ഭാഗങ്ങളിലെ വെട്ടുകളും കാരണം ഇരുചക്രവാഹനങ്ങൾക്ക് പോലും യാത്ര ദുഷ്കരമായിരിക്കുകയാണ്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതുമൂലമുണ്ടാകുന്ന പ്രയാസങ്ങളാണ് സർവീസ് നിർത്തിവെക്കാനുള്ള തീരുമാനത്തിലേക്ക് തൊഴിലാളികളെ നയിച്ചത്.
റോഡ് നിർമാണത്തിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പ്രവൃത്തി പുനരാരംഭിക്കുന്നതിനായി റോഡ് കമ്മിറ്റിയും പുതുതായി രൂപീകരിച്ച ആക്ഷൻ കൗൺസിലും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാൽ ടെൻഡർ നടപടികൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒന്നോ രണ്ടോ മാസം വരെ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്. അത്രയും കാലം കാത്തിരിക്കാനാവില്ലെന്ന നിലപാടിലാണ് ഓട്ടോ തൊഴിലാളികൾ.

0 Comments