Ticker

6/recent/ticker-posts

കോഴിക്കോട് അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് അപകടം; 30 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: അരയിടത്തുപാലത്ത് ഗോകുലം മാൾ ഓവർ ബ്രിഡ്ജിന് സമീപത്ത് ബസ് മറിഞ്ഞ് അപകടം. മുപ്പത് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുതുതരമാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

പാളയം ബസ് സ്റ്റാൻഡിൽ നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് തലകീഴായി മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 47 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ബസ് മറ്റൊരു വാഹനത്തിൽ തട്ടി മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസിൽ യാത്രചെയ്ത ആളുകളിൽനിന്ന് ലഭിക്കുന്ന വിവരം. തെറ്റായ ദിശയിൽ വന്ന രണ്ട് ബൈക്കുകളെ മറികടക്കാൻ ശ്രമിക്കവെയാണ് അപകടം നടന്നതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബസ്സിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസ്സിലെ ഡീസൽ റോഡിലേക്കൊഴുകിയിട്ടുണ്ട്.

അപകടം നടന്ന് ഉടൻതന്നെ പോലീസും അഗ്‌നി രക്ഷാസേനയും സ്ഥലത്തെത്തി. അപകടംനടന്ന സ്ഥലത്തുനിന്ന് ബസ്മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ്, ബേബി മെമ്മോറിയൽ ആശുപത്രി എന്നിവിടങ്ങളിലണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Post a Comment

0 Comments