എകരൂൽ : എകരൂലിലെ കാരാട്ട് ഭാഗത്തെ തോട്ടിൽ വ്യാവസായിക രാസമാലിന്യം തള്ളിയതായുള്ള പരാതി പ്രകാരം അധികൃതർ നടപടികളും അന്വേഷണവും ആരംഭിതച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. തോട്ടിലെ വെള്ളത്തിന് നിറവ്യത്യാസവും പതയും ഉണ്ടാവുകയും അനേകം മത്സ്യങ്ങൾ ചത്തുപൊന്തുകയും ചെയ്തു. പ്രദേശത്താകെ രൂക്ഷഗന്ധവും പരന്നു. വെള്ളവും ചത്ത മത്സ്യവും മലാപ്പറമ്പിലെ പരിശോധനാ ലാബിലേക്ക് അയച്ചതായും തോടിനോട് അടുത്തുള്ള കിണറുകളിലെ വെള്ളത്തിലും വിഷലായനി കലരാനിടയുള്ളതിനാൽ പരിശോധനാഫലം വരുന്നതുവരെ കുടിവെള്ളം ഉപയോഗിക്കുന്നതിന് ജാഗ്രതവേണമെന്നും നിർദേശിച്ചതായി ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ ലത പറഞ്ഞു. സ്‌കൂളിനോടു ചേർന്നാണ് ഈ തോട് ഒഴുകുന്നത് എന്നതിനാൽ തിങ്കളാഴ്ച ഉണ്ണികുളം ജി.യു.പി സ്‌കൂളിൽ ഉച്ചഭക്ഷണം മുടങ്ങി. സ്‌കൂൾ കിണറ്റിലെ വെള്ളവും പരിശോധക്ക് അയച്ചിട്ടുണ്ട്. വാർഡംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. സ്ഥലത്ത് പരിശോധന നടത്തിയതായും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാഹനം കണ്ടെത്തുന്നതുൾപ്പെടെയുള്ള അന്വേഷണം നടത്തുന്നുണ്ടെന്നും ബാലുശ്ശേരി പോലീസ് അറിയിച്ചു.

0 Comments