തിരുവനന്തപുരം: സർക്കാർ ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ വിപണിയിൽ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സപ്ലൈക്കോയുടെ ഉത്സവ ഫെയറുകളിലൂടെ കഴിയും. സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് ഫെയറുകൾ നടത്തുന്നത്. അതോടൊപ്പം സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാലയിൽ പ്രത്യേക ഫെയറുണ്ടാകും. ഡിസംബർ 31 വരെയാണ് ഫെയറുകൾ.
280ൽ അധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവും ലഭിക്കും. 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിൽ ലഭ്യമാകും. പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും ജനങ്ങൾക്ക് ആവശ്യമുള്ള വിവിധതരം അരി ഉല്പന്നങ്ങളും ലഭിക്കും. 500 രൂപയ്ക്ക് മുകളിൽ സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും. സബ്‌സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയുടെ വില ലിറ്ററിന് 10 രൂപ കുറച്ച് 309 രൂപയാക്കി. ഒരാൾക്ക് രണ്ട് ലിറ്റർ വരെ ഈ നിരക്കിൽ ലഭിക്കും. സബ്‌സിഡിയിതര ശബരി വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ച് 329 രൂപയാക്കി. കൂടാതെ, സബ്‌സിഡി ഇനങ്ങളായ ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് എന്നിവയ്ക്ക് കിലോയ്ക്ക് രണ്ട് മുതൽ മൂന്ന് രൂപ വരെ വീണ്ടും കുറച്ചതായി മന്ത്രി അറിയിച്ചു. ജനുവരി മാസത്തെ സബ്‌സിഡി സാധനങ്ങൾ ഇന്നുമുതൽ തന്നെ സപ്പ്ലൈക്കോ വില്പനശാലകളിൽ നിന്നും മുൻകൂട്ടി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റ് ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ കിറ്റ് 500 രൂപയ്ക്ക് നൽകും. സപ്ലൈക്കോയുടെ പെട്രോൾ പമ്പുകളിൽ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും 1000 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങൾക്കും കൂപ്പണുകൾ നൽകും. 1000 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുമ്പോൾ ഈ കൂപ്പണിന്മേൽ 50 രൂപ ഇളവ് ലഭിക്കും. സപ്ലൈകോ അത്യാധുനികരീതിയിൽ ഒരുക്കുന്ന ഷോപ്പിങ് മാളായ സിഗ്‌നേച്ചർ മാർട്ട് തലശ്ശേരി, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വെള്ള, നീല റേഷൻ കാർഡുടമകൾക്ക് ജനുവരി മുതൽ സ്പെഷ്യൽ അരി ലഭിക്കും. അതുപോലെ രണ്ട് കിലോ വീതം ആട്ട 17 രൂപ നിരക്കിൽ വിതരണം ചെയ്യും. സംസ്ഥാന സർക്കാർ നടത്തിയ നിരന്തര ഇടപെടലുകളുടെ ഭാഗമായി 6459 മെട്രിക് ടൺ ഗോതമ്പ് കേന്ദ്രം അനുവദിച്ചതിനാലാണ് ഇത് സാധ്യമായത്. അർഹരായ കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ ലഭ്യമാക്കുന്നതിനായി അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടത്തുന്ന ഇടപെടലുകൾ ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
സപ്പ്ലൈകോയുടെ അൻപതാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് തയാറാക്കിയ മുൻ മാനേജിങ് ഡയറക്ടർമാരുടെ അനുഭവക്കുറിപ്പുകൾ അടങ്ങിയ സുവനീർ മന്ത്രി പ്രകാശനം ചെയ്തു. ഫെയറിലെ ആദ്യ വിൽപ്പനയും മന്ത്രി നിർവഹിച്ചു.
അഡ്വ. ആന്റണി രാജു എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സപ്ലൈക്കോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ എസ് കെ പി രമേഷ്, പൊതുവിതരണ കമ്മീഷണർ ഹിമ കെ, സപ്ലൈക്കോ അഡിഷണൽ ജനറൽ മാനേജർ എം ആർ ദീപു, മേഖലാ മാനേജർ സ്മിത തുടങ്ങിയവർ സന്നിഹിതരായി.

0 Comments