ബാലുശേരി: താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ വരുന്ന ബാലുശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളും ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളും ലയിപ്പിച്ച്, സമഗ്രമായ മാതൃകാ വിദ്യാഭ്യാസ സ്ഥാപനം രൂപപ്പെടുത്താനുള്ള നിർദേശം സർക്കാർ പരിഗണനയിൽ.
പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ, സ്കൂളുകൾ ലയിപ്പിക്കുന്നതിലൂടെ ജീവനക്കാരുടെ പുനർവിന്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ ഏകീകരിച്ച് നടപ്പാക്കാനാകുമെന്നും, ഇതുവഴി സാമ്പത്തിക ലാഭം ഉണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ലയനത്തിന്റെ ഭാഗമായി ഒരു സ്കൂൾ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമോയെന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും, ലാഭ-നഷ്ടങ്ങളുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടരുതെന്നതാണ് സർക്കാർ നയം എന്നും, കെ.എം. സച്ചിൻ ദേവ് എം.എൽ.എയുടെ സബ്മിഷനോട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മറുപടി നൽകി.
താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫിസർ സമർപ്പിച്ച റിപ്പോർട്ടിൽ, രണ്ട് സ്കൂളുകൾ ലയിപ്പിക്കുകയാണെങ്കിൽ എസ്.പി.സി, ജൂനിയർ റെഡ് ക്രോസ്, ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് കൂടുതൽ ഫലപ്രദമായ പ്രവർത്തന പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.
കൂടാതെ ഇന്നൊവേഷൻ ലാബ്, ഫിറ്റ്നസ് സെന്റർ, സ്മാർട്ട് ക്ലാസ് റൂമുകൾ തുടങ്ങിയവ സ്ഥാപിച്ച് മെച്ചപ്പെട്ട ഡിജിറ്റൽ പഠനാന്തരീക്ഷം ഉറപ്പാക്കാനാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്കൂളുകളുടെ ഭാവി, വിദ്യാർഥികളുടെ പഠന നിലവാരം, അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും താൽപര്യങ്ങളും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

0 Comments