കാക്കൂർ: പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. കാക്കൂർ പാവണ്ടൂർ മഞ്ചപ്പാറക്കൽ അഭിജിത്ത് (17) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ദുരന്തം സംഭവിച്ചത്. വീട്ടിനോടു ചേർന്ന ഭാഗത്ത് പ്രഷർ വാഷർ മെഷീൻ ഉപയോഗിച്ച് കഴുകുന്നതിനിടെ അഭിജിത്തിന് വൈദ്യുതാഘാതമേറ്റു. ബോധരഹിതനായി വീണ് കിടക്കുന്നത് സമീപവാസികൾ കാണുകയായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഉടൻ അഭിജിത്തിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അഭിജിത്ത് മഞ്ചപ്പാറക്കൽ ചാത്തുവിന്റെയും ഷിജിയുടെയും മകനാണ്. അഭിഷേക് സഹോദരനാണ്.
0 Comments