Ticker

6/recent/ticker-posts

ഹരിത സമൃദ്ധി പദ്ധതി; കരുമലയിൽ തണ്ണിമത്തൻ കൃഷിക്ക് തുടക്കം


എകരൂൽ:  ഉണ്ണികുളം ഗ്രാമപഞ്ചായത്തും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി രണ്ട് ഹെക്ടറോളം സ്ഥലത്ത് തണ്ണിമത്തൻ കൃഷിക്ക് തുടക്കമായി. പദ്ധതിയുടെ വാർഡ്തല ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ കരുമലയിൽ ഹരീഷ് നാരായണന്റെ കൃഷിയിടത്തിൽ നടന്നു.

നാല് ഗ്രൂപ്പുകളിലായി 30 ഓളം കർഷകരാണ് പദ്ധതിയിൽ പങ്കാളികളാകുന്നത്. തണ്ണിമത്തൻ കൃഷി വാണിജ്യാടിസ്ഥാനത്തിൽ വ്യാപിപ്പിച്ച് കർഷകർക്ക് മികച്ച വരുമാനമാർഗം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതിയെ കർഷകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

ആധുനിക കൃഷിസാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ശാസ്ത്രീയമായ ജലസേചനം, വളപ്രയോഗം, വിളപരിപാലനം എന്നിവയിലൂടെ മികച്ച ഉൽപാദനവും ഗുണമേന്മയുള്ള വിളവും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കർഷകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ പഞ്ചായത്തിൽ തണ്ണിമത്തൻ കൃഷി വ്യാപിപ്പിക്കാനും കാർഷിക മേഖലയിൽ പുതിയ വാണിജ്യസാധ്യതകൾ തുറക്കാനും പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

ഉദ്ഘാടനച്ചടങ്ങിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബ്ദുള്ള, ഒന്നാം വാർഡ് മെംബർ വത്സല, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ആർ.കെ ഇബ്രാഹിം, ഉണ്ണികുളം അഗ്രിഗേഷൻ സെന്റർ സെക്രട്ടറി സുജിത്കുമാർ, കൃഷി ഓഫിസർ ഡോ. എം.എം ശ്രീലക്ഷ്മി, കൃഷി അസിസ്റ്റന്റ് പി.എ ഹസ്ന തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments