Ticker

6/recent/ticker-posts

അന്താരാഷ്ട്ര വേദിയിൽ കാരുണ്യതീരം; 25-ാം മായാ കൊയ്നെ പുരസ്‌കാരം ഏറ്റുവാങ്ങി

കോഴിക്കോട്: ഭിന്നശേഷി പരിചരണ-പുനരധിവാസ രംഗത്ത് ശ്രദ്ധേയ ഇടപെടലുകൾക്ക് അന്താരാഷ്ട്ര അംഗീകാരം നേടി കാരുണ്യതീരം. മധുരൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ എക്സ്പീരിയൻസിംഗ് സോഷ്യോ-കൾച്ചറൽ ഇന്ററാക്ഷൻ (സി.ഇ.എസ്.സി.ഐ) ഏർപ്പെടുത്തിയ 25-ാം മായാ കൊയ്നെ പുരസ്‌കാരമാണ് സ്ഥാപനത്തിന് ലഭിച്ചത്. സി.ഇ.എസ്.സി.ഐ ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഹെൽത്ത് കെയർ ഫൗണ്ടേഷൻ സെക്രട്ടറി ടി.എം. താലിസ് അവാർഡ് ഏറ്റുവാങ്ങി.

സാമൂഹ്യനീതി, സമാധാനം, മനുഷ്യാവകാശ സംരക്ഷണം എന്നിവയിൽ സ്ഥിരതയാർന്ന പ്രവർത്തനം കാഴ്ചവെക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന അന്താരാഷ്ട്ര ബഹുമതിയാണ് മായാ കൊയ്നെ പുരസ്‌കാരം. സമാധാനവും അഹിംസയും പ്രചരിപ്പിക്കുന്ന ഇടപെടലുകൾക്ക് ആഗോളതലത്തിൽ പ്രാമുഖ്യം നൽകുക എന്നതാണ് പുരസ്‌കാരത്തിന്റെ ലക്ഷ്യം.

ചടങ്ങിൽ സി.ഇ.എസ്.സി.ഐ പ്രസിഡന്റ് അനുരാധ ശങ്കർ ഐ.പി.എസ്, ഏകതാ പരിഷത്ത് സ്ഥാപകൻ പി.വി. രാജഗോപാൽ, സിനിമാ സംവിധായിക അനുരാധ കോഹ്ലി എന്നിവരടക്കം പ്രമുഖ വ്യക്തികൾ പങ്കെടുത്തു. കാരുണ്യതീരത്തെ പ്രതിനിധീകരിച്ച് ഡിസാസ്റ്റർ മാനേജ്മെന്റ് ചെയർമാൻ ഷംസുദ്ദീൻ എകരൂൽ, സി.ഒ.ഒ നവാസ് ഐ.പി, ഗ്രിഫിത്ത് എന്നിവർ സന്നിഹിതരായിരുന്നു.

സി.ഇ.എസ്.സി.ഐയുടെ സ്ഥാപകയായ മായാ കൊയ്നെയുടെ സ്മരണാർത്ഥം 2000-ലാണ് പുരസ്‌കാരം ആരംഭിച്ചത്. സാമൂഹിക ഐക്യവും സാംസ്കാരിക സഹവർത്തിത്വവും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ.

2010 മുതൽ ഹെൽത്ത് കെയർ ഫൗണ്ടേഷൻ കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യതീരം, ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിപരിമിതി, ബഹുവൈകല്യങ്ങൾ എന്നിവയുള്ള കുട്ടികൾക്കും മുതിർന്നവർക്കുമായി ഏകീകൃത സേവന മാതൃക നടപ്പിലാക്കുന്നു. വിദ്യാഭ്യാസം, ചികിത്സ, പുനരധിവാസം, ദീർഘകാല സംരക്ഷണം എന്നിവയെ ഏകോപിപ്പിച്ച സമഗ്ര സംവിധാനമാണ് സ്ഥാപനത്തിന്റെ പ്രത്യേകത.

Post a Comment

0 Comments