Ticker

6/recent/ticker-posts

പി.പി മുഹമ്മദ് ഫൈസൽ എളേറ്റിലിന് ദേശീയ പുരസ്കാരം

എളേറ്റിൽ: മാപ്പിളപ്പാട്ടു കലാ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച പി.പി.മുഹമ്മദ് ഫൈസലിന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ് (ബി.എസ്.എസ്) നൽകുന്ന പുരസ്കാരം ലഭിച്ചു. തിരുവനന്തപുരം കവടിയാർ സത്ഭാവന ഭവനിൽ നടന്ന ചടങ്ങിൽ ബി.എസ്.എസ് അഖിലേന്ത്യാ ചെയർമാൻ ബി.എസ്. ബാലചന്ദ്രനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. 
അഞ്ചു പതിറ്റാണ്ടിൻ്റെ പ്രവർത്തന മേന്മക്കുള്ള അംഗീകാരമായാണ് അവാർഡ് നൽകപ്പെടുന്നത്. 1975ൽ മാപ്പിള കലാരംഗത്തെ മുൻ നിരക്കാരായ പട്ടേരി വോയ്സിൽ തുടങ്ങി മാപ്പിള കലാ അസ്വാദക സമിതി (മാസ്സ്) നരിക്കുനി, സാരംഗ മ്യൂസിക്സ് താമരശ്ശേരി, പല്ലവി മ്യൂസിക് ബാന്റ് എളേറ്റിൽ എന്നീ കലാ വേദികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 

1978 മുതൽ 10 വർഷത്തോളം ആദം നെടിയനാട്, ഹസ്സൻ നെടിയനാട് എന്നിവരുടെ കീഴിൽ മാപ്പിളപ്പാട്ടിൽ ഗുരുകുല പഠനം പൂർത്തിയാക്കി. കേരള സ്കൂൾ കലോൽസവങ്ങളിൽ 15 വർഷത്തോളമായി ജഡ്ജ്മെന്റ് പാനലിൽ അംഗമാണ്. 35 ഓളം കവിതകൾ എഴുതി. ചിരാഗ് മാഗസിൻ ഏറെയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിലത് റേഡിയോ ഇസ്ലാമിൽ പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്.

കൊയിലാണ്ടി രാഗതരംഗയിൽ വി.പ്രഭാകരൻ്റെ (ആകാശവാണി കോഴിക്കോട് ആർട്ടിസ്റ്റ്) ശിക്ഷണത്തിൽ 10 വർഷവും, പ്രശസ്ത ആർടിസ്റ്റ് ഗണേഷ് കല്ലായിയുടെ കീഴിൽ മൂന്ന് വർഷവും ശാസ്ത്രീയ ഉപകരണ സംഗീതം സ്വായത്തമാക്കി. ഔദ്യോഗിക ജീവിതത്തിനിടയിലും കലയും സാഹിത്യവുമായി ഇഴ ചേർന്നുനിന്നു. എം. ജെ. ഹയർ സെക്കണ്ടറി സ്കൂളിനെ മാപ്പിള കലാ വിഭാഗളിൽ സംസ്ഥാന തലത്തിലേക്ക് ഉയർത്തുന്നതിൽ മുഹമ്മദ് ഫൈസൽ നിർണ്ണായക പങ്കുവഹിച്ചു. കേരള മാപ്പിള കലാ അക്കാദമിയുടെ കീഴിൽ എളേറ്റിൽ വട്ടോളിയിൽ നടക്കുന്ന മാപ്പിളപ്പാട്ട് പരിശീലനത്തിൽ മുഖ്യ നേതൃത്വം നിർവഹിക്കുന്നതോടൊപ്പം, എം. ജെ. ഹൈസ്‌കൂളിൽ നടക്കുന്ന മോയിൻ കുട്ടി വൈദ്യർ സ്മാരക ഓഫ് ക്യാമ്പസ് നടത്തിപ്പിനും നേതൃത്വം നൽകി വരുന്നു.

നെടിയനാട് ജി.എം.എൽ.പി.സ്കൂൾ, എ.യു.പി.സ്കൂൾ, പൂനൂർ ഹയർ സെക്കണ്ടറി സ്കൂൾ, എന്നീ സ്ഥാപനങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് ITI ൽ (വയർമാൻ) പഠനത്തിന് ശേഷം എളേറ്റിൽ എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ ലാബ് അസിസ്റ്റൻ്റായി ഓദ്യോഗിക ജീവിതം. ഇപ്പോൾ സേഫ് ക്യാമ്പസിൽ (മലപ്പുറം)പ്രവർതിക്കുന്നു.

എം.ജെ. ഹയർ സെക്കന്ററി സ്കൂൾ ഫൗണ്ടറും, മുസ്ലിംലീഗ് നേതാവും, മത- സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന പരേതനായ പി.പി. അബ്ദുറഹിമാൻ മാസ്റ്ററുടെയും, കൊടോളി (പാലങ്ങാട്) ആയിഷാ ബീവിയുടെയും മകനാണ്. ഭാര്യ: വഹീദ. മക്കൾ: ഫവാസ് (എഞ്ചിനീയർ), ഫാഇസ (അധ്യാപിക- സൗദി).

Post a Comment

0 Comments