താമരശ്ശേരി: മനുഷ്യർക്കിടയിൽ പരസ്പരം ബന്ധങ്ങൾ വർധിക്കുമ്പോഴാണ് സമാധാനമുള്ള സമൂഹം രൂപപ്പെടുന്നതെന്ന് ഇന്തൊനേഷ്യൻ സാമൂഹിക പ്രവർത്തകനും പത്മശ്രീ ജേതാവുമായ ആഗസ് ഇന്ദ്ര ഉദയാന അഭിപ്രായപ്പെട്ടു. കാരുണ്യതീരം ക്യാമ്പസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ യൂത്ത് പ്രൊജക്ട് കേരള, ഹെൽത്ത് കെയർ ഫൗണ്ടേഷൻ, ഗോകുലം ആർട്‌സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്‌കീം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സ്വീകരണമൊരുക്കിയത്.
സാമൂഹ്യപ്രവർത്തനമെന്നത് സമയം നഷ്ടപ്പെടുത്തുകയാണെന്ന തെറ്റായ ധാരണ സമൂഹത്തിലുണ്ട് എന്നാൽ ഏറ്റവും ലാഭകരമായ കാര്യമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. മറ്റുള്ളവർക്ക് സേവനം ചെയ്യുന്നതിനലൂടെ ലഭിക്കുന്ന ആനന്ദം ഒരുപക്ഷേ ഒരുപാട് പണം നൽകിയാൽപോലും ലഭിക്കുകയില്ല.ഉള്ള വിഭവങ്ങൾകൊണ്ട് ഏറ്റവും സമാധാനത്തോടെ ജീവിക്കുക എന്നത് ഗാന്ധിജി പ്രചരിപ്പിച്ച ആശയമാണ്. പ്രത്യേക പരിഗണന അർഹിക്കുന്നവരെകൂടെ ചേർത്തുപിടിക്കുമ്പോഴാണ് ജനാധിപത്യം അതിന്റെ പൂർണതയിൽ എത്തുക. ഇത്തരം മഹത്തായ പ്രവർത്തനമാണ് പതിനഞ്ച് വർഷത്തിലധികമായി കാരുണ്യതീരം ക്യാമ്പസിൽ ഹെൽത്ത് കെയർ ഫൗണ്ടേഷൻ എന്ന സംഘടന നടത്തുന്നു. ഇത് ഏറെ പ്രശംസനീയമാണെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
ഗാന്ധിയൻ ദർശനങ്ങളെ ലോകം മുഴുവൻ പ്രചരിപ്പിക്കുന്ന ആഗസ് 2019ൽ സന്യാസം സ്വീകരിച്ച അദ്ദേഹം ഇന്തോനേഷ്യയിലെ ബാലി കേന്ദ്രമായി പ്രവർത്തിക്കുന്ന നാലു ആശ്രമങ്ങൾ വഴി അഹിംസ, സത്യം, മാനുഷികത തുടങ്ങിയ ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിച്ചുവരികയാണ്. മഹാത്മാ ഗാന്ധിയുടെ നിരവധി ലേഖനങ്ങളും സന്ദേശങ്ങളും അദ്ദേഹം ഇന്തൊനേഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്.
സാമൂഹിക പ്രവർത്തനവും ഗാന്ധിയൻ മാർഗത്തിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങളും പരിഗണിച്ച് 2020ലാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചത്. തെക്കു കിഴക്കൻ ഏഷ്യയിൽ നിന്ന് ഇന്ത്യ പത്മശ്രീ നൽകി ആദരിച്ച ഏക വ്യക്തിയാണദ്ദേഹം.
ക്യാമ്പസിൽ നടക്കുന്ന എൻ. എസ്. എസ്. ക്യാമ്പിലെ ബാലുശ്ശേരി ശ്രീ ഗോകുലം ആർട്സ് ആന്റ് സയൻസ് കോളജ് വിദ്യാർത്ഥികളുമായി സംവദിച്ചു. ചടങ്ങിൽ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ ഷമീർ ബാവ അധ്യക്ഷത വഹിച്ചു.ടി എം അബ്ദുൽ ഹക്കിം ,ഡോ ആശാലത പി കെ ,ബലരാമൻ കെ,മനോജ് മാസ്റ്റർ, ഷുക്കൂർ മാസ്റ്റർ, മൻസിബ് പായേടത്തു, താലിസ് ടി എം, നവാസ് ഐ പി, ശംസുദ്ധീൻ ഏകരൂൽ, നൗഫൽ പനങ്ങാട് , ഹന എന്നിവർ സംബന്ധിച്ചു.
0 Comments