ബാലുശ്ശേരി: നന്മണ്ടയിൽ യുവാവിനെ ക്വട്ടേഷൻ സംഘം മർദിച്ച സംഭവത്തിൽ റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ബാലുശ്ശേരി പൊലിസ് തെളിവെടുപ്പ് നടത്തി. റിമാൻഡിൽ കഴിയുന്ന പ്രതികളായ പടനിലം കള്ളി കൂടത്തിൽ റഫീഖ്, പാതിരിപ്പാടം മുർഷിദ്, വഴിക്കടവ് ഷംനാദ്, ആരാമ്പ്രം നിയാസ്, വഴിക്കടവിൽ മുഹമ്മദ് അഷറഫ്, വഴിക്കടവ് നിസാം എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്. യുവാവിനെ മർദിച്ച സ്ഥലമായ എഴുകുളം റോഡിലെ മൂലേം മാവ്, പ്രതികൾ സ്ഥിരമായി താമസിക്കുന്ന കൊടുവള്ളിയിലെ ലോഡ്ജ് എന്നിവിടങ്ങളിലും സഞ്ചരിക്കാനുപയോഗിച്ച കാറിന്റെ ആർ.സി ഉടമയിൽ നിന്നുമാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനു ശേഷം പ്രതികളെ പേരാമ്പ്ര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഫെബ്രുവരി 17 നായിരുന്നു കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സുഹൈറിനെ കാറിൽ നിന്ന് ഇറക്കി മർദിച്ചവശനാക്കുകയും കല്ല് കൊണ്ട് തലക്കും മുഖത്തും കുത്തി ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തത്. സാമ്പത്തിക ഇടപാടാണെന്ന് സംഭവത്തിനു കാരണമെന്ന് ഇൻസ്‌പെക്ടർ ടി.പി ദിനേശൻ പറഞ്ഞു.
0 Comments