Ticker

6/recent/ticker-posts

ഒ.കെ അമ്മദ് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്തംഗത്വം രാജിവെച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട

കൂരാച്ചുണ്ട്: നാടകീയ നീക്കത്തിലൂടെ ഇടതുപാളയത്തിലെത്തി വീണ്ടും കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടക്ക് തോൽവി. ഇതോടെ ആഴ്ചകൾ നീണ്ട ആകാക്ഷക്ക് വിരാമമിട്ട് പഞ്ചായത്തിൽ യു.ഡി.എഫ്. ഭരണം തുടരും. മുസ്ലീംലീഗിലെ ഒ.കെ.അമ്മദ് അഞ്ചിനെതിരെ എട്ട് വോട്ട് നേടി പഞ്ചായത്ത് പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ വോട്ടുകൾക്ക് പുറമെ സ്വതന്ത്രൻ അരുൺ ജോസിന്റെ വോട്ടും ഒ.കെ അമ്മദിന് ലഭിച്ചു. പരാജയത്തിന് പിന്നാലെ ഗ്രാമപഞ്ചായത്ത് അംഗത്വവും പോളി കാരക്കട രാജിവെക്കുകയും ചെയ്തു.


അവസാന വർഷം മുസ്ലീംലീഗിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറണമെന്ന ജില്ലാതലത്തിലെ മുന്നണി ധാരണ പാലിക്കാത്തതിനെ തുടർന്ന് മുസ്ലീംലീഗ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായാണ് പോളി കാരക്കടക്ക് ജനുവരി 27-ന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടത്. സ്ഥാനത്ത് നിന്ന് മാറാനുള്ള നിർദ്ദേശം അനുസരിക്കാത്തതിൽ പോളിയെ കോൺഗ്രസിൽ നിന്ന് ഡി.സി.സി. പ്രസിഡന്റ് സസ്പന്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാമെന്നും മുസ്ലിംലീഗിന് പ്രസിഡന്റ് സ്ഥാനം നൽകാൻ കഴിയില്ലെന്നുമായിരുന്നു പോളിയുടെ നിലപാട്.

എന്നാൽ മുസ്ലീംലീഗിന് തന്നെ പ്രസിഡന്റ് സ്ഥാനം നൽകണമെന്ന തീരുമാനമാണ് കോൺഗ്രസ് നേതൃത്വം എടുത്തത്. അതിനാൽ അവിശ്വാസത്തെ കോൺഗ്രസ് അംഗങ്ങളും പിന്തുണച്ചിരുന്നു. ഇടഞ്ഞുനിന്നിരുന്ന മുസ്ലീംലീഗിനെ യു.ഡി.എഫിൽ തന്നെ ഉറപ്പിച്ച് നിർത്താനും അതുവഴി മുന്നണിയുടെ ഭരണം നിലനിർത്താനും കോൺഗ്രസിനായി. പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒ.കെ.അമ്മതിനെ വിജയിപ്പിക്കാൻ കോൺഗ്രസ് വിപ്പ് നൽകുകയും ചെയ്തു. കോൺഗ്രസിൽ നിന്നും ചിലരുടെ വോട്ടുകൾ കൂടി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സമാഹരിക്കാമെന്ന പോളി കാരക്കടയുടെയും എൽ.ഡി.എഫിന്റേയും കണക്ക് കൂട്ടൽ പാളുകയായിരുന്നു. സ്വതന്ത്രന്റെ പിന്തുണ ലഭിക്കുമെന്നും പ്രതീക്ഷിച്ചു. എന്നാൽ ഇതൊന്നുമുണ്ടായില്ല. പഞ്ചായത്ത് ഭരണ സമിതിയിൽ കോൺഗ്രസിന് ആറും മുസ്ലീം ലീഗിന് രണ്ടും (ഒരു സ്വതന്ത്രൻ) ആയിരുന്നു നേരത്തെയുള്ള കക്ഷി നില.  സി.പി.എമ്മിന് രണ്ടും കേരള കോൺഗ്രസിന് രണ്ടും അംഗങ്ങളുണ്ട്. ഒരു പഞ്ചായത്തംഗം സ്വതന്ത്രനാണ്.


നാടകീയ നീക്കങ്ങൾ

കൂരാച്ചുണ്ട്: പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ കോൺഗ്രസ് അംഗം ജെസി ജോസഫിന്റെ പേരാണ് എൽ.ഡി.എഫ് ആദ്യം നിർദ്ദേശിച്ചത്. കേരള കോൺഗ്രസ് അംഗം സിനി ഷിജോ നിർദ്ദേശിച്ചപ്പോൾ പോളി കാരക്കട പിന്താങ്ങി. എന്നാൽ മത്സരിക്കാനില്ലെന്ന് ജെസി ജോസഫ് അറിയിച്ചതോടെ കേരള കോൺഗ്രസിലെ വിത്സൺ പാത്തിച്ചാൽ പോളി കാരക്കടയെ നിർദ്ദേശിച്ചു. സി.പി.എമ്മിലെ എൻ.ജെ.ആൻസമ്മ പിന്താങ്ങി. ഒ.കെ.അമ്മദിനെ കോൺഗ്രസിലെ വിൻസി തോമസ് നിർദ്ദേശിക്കുകയും മുസ്ലീംലീഗിലെ റസീന യൂസഫ് പിന്താങ്ങുകയും ചെയ്തു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ഒ.കെ.അമ്മദ് ഒമ്പതാം വാർഡിൽ നിന്ന് യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയായാണ് ഇത്തവണ വിജയിച്ചത്. മൂന്നിൽ കൂടുതൽ തവണ മത്സരിച്ചവർക്ക് മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം സീറ്റ് നിഷേധിച്ചപ്പോഴായിരുന്നു സ്വതന്ത്രനായുള്ള മത്സരം.


Post a Comment

0 Comments