എം.എം.പറമ്പ്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മധ്യവേനൽ അവധിക്കാല വായനാപ്രവർത്തനങ്ങളുടെ ഭാഗമായി എം.എം.പറമ്പ് വോൾഗ ലൈബ്രറി ‘വായന കളരി’ സംഘടിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുകയും വായനയിലേക്ക് കൂടുതൽ ആകർഷിക്കുകയും ചെയ്യുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.
ഇക്കാലഘട്ടത്തിലെ പ്രധാന വെല്ലുവിളികളായ മയക്കുമരുന്ന് ഉപയോഗവും മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും ഒഴിവാക്കി, രക്ഷിതാക്കളുടെ പിന്തുണയോടെ കുട്ടികളെ വായന, കലാ-കായിക പ്രവർത്തനങ്ങൾ, പഠനയാത്രകൾ, ശാസ്ത്ര ക്ലാസുകൾ തുടങ്ങിയ സൃഷ്ടിപരമായ മേഖലകളിലേക്ക് ആകർഷിക്കുന്നതിനുള്ള വിവിധ പദ്ധതികൾ കുട്ടികളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.
പുസ്തക ആസ്വാദനം, കഥ-കവിത അവതരണം, ചിത്രരചന, ശിൽപശാലകൾ, തദ്ദേശീയ പ്രമുഖരുമായി അഭിമുഖം, റീഡിങ് തീയേറ്റർ, കയ്യെഴുത്ത് മാസിക എന്നിവ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പരിപാടികൾ വായന കളരിയുടെ ഭാഗമായി സംഘടിപ്പിക്കും.
ലൈബ്രറി പ്രസിഡന്റ് കെ.കെ. പ്രദീപന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബാലസാഹിത്യകാരൻ രാധാകൃഷ്ണൻ ഉണ്ണി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് യു. മൊയ്തീൻ ശാസ്ത്ര വിസ്മയ പരീക്ഷണങ്ങൾ അവതരിപ്പിച്ചു. ബാലവേദി സെക്രട്ടറി ആർദ്രിദേവ് എ.ആർ. സ്വാഗതവും ലൈബ്രേറിയൻ ടി. മിനി നന്ദിയും പറഞ്ഞു.

0 Comments