ബാലുശ്ശേരി: ഓണത്തിരക്ക് കൂടിയതോടെ ബാലുശ്ശേരി ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ദിനംപ്രതി വർധിച്ചുവരുന്ന വാഹനപ്പെരുപ്പവും വീതികുറഞ്ഞ റോഡും കാരണം ബാലുശ്ശേരി ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഓണക്കാലമായതോടെ വ്യാപാരസ്ഥാപനങ്ങളിലേക്ക് വരുന്നവരുടെ തിരക്കും വാഹനങ്ങളുടെ എണ്ണവും വർധിച്ചതോടെ രാവിലെയും വൈകീട്ടും കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ബ്ലോക്ക് റോഡ് ജങ്ഷൻ മുതൽ അറപ്പീടികവരെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ മണിക്കൂറുകളോളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.
കൊയിലാണ്ടി-എടവണ്ണപ്പാറ സംസ്ഥാനപാതയും പ്രധാന ഉപറോഡുകളും സംഗമിക്കുന്ന ടൗണിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് ആംബുലൻസുകളും അഗ്നിരക്ഷാ വാഹനങ്ങളും സമയത്ത് ലക്ഷ്യസ്ഥാനത്തെത്താനാകാതെ വലയാറാണ് പതിവ്. ടിപ്പർ ഉൾപ്പെടെയുള്ള ചരക്കുലോറികൾ ടൗണിലൂടെ കടന്നുപോകുന്നതും കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ഒപ്പം ഓണാഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ സംഘടനകളുടെ പരിപാടികളും വരുന്നതോടെ ടൗൺ പൂർണമായും നിശ്ചലമാകുന്ന സ്ഥിതിയാണ്.
കുരുക്ക് രൂക്ഷമാകുമ്പോൾ ബ്ലോക്ക് റോഡിൽനിന്ന് മഞ്ഞപ്പാലം വഴി കോട്ടനട റോഡിലൂടെ അറപ്പീടികയിലേക്കും കൈരളി റോഡ് വഴിയും വാഹനങ്ങൾ തിരിച്ചുവിടാറുണ്ട്. എന്നാൽ ബദൽപാതകളുടെ അവസ്ഥയും പരിതാപകരമാണ്. മഞ്ഞപ്പാലം കോട്ടനട റോഡ് പ്രവൃത്തി പൂർത്തിയാവാത്തതും കൈരളി- കുന്നത്തെരു-നന്മണ്ട റോഡ് പ്രവൃത്തി ആരംഭിക്കാത്തതും യാത്രാക്ലേശം ഉണ്ടാക്കുന്നു. ടൗണിലെ ഗതാഗതക്കുരുക്കിന് അടിയന്തരപരിഹാരം കാണണമെന്നും ബദൽ റോഡുകൾ നവീകരിക്കണമെന്നും ബൈപ്പാസ് പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

0 Comments